Asianet News MalayalamAsianet News Malayalam

ആരോഗ്യ സംരക്ഷണം ലക്ഷ്യം; ഫേസ്ബുക്ക് സ്മാര്‍ട്ട് വാച്ച് വരുന്നു

വലിയ സ്‌ക്രീനുകളുള്ള സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറക്കിയിട്ടും കമ്പനികള്‍ ഈ ഫീച്ചര്‍ നടപ്പാക്കിയിട്ടില്ല. ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍, ഫേസ്ബുക്ക് മുമ്പ് ഒക്കുലസ് വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളും പോര്‍ട്ടല്‍ വീഡിയോ ചാറ്റ് ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിരുന്നു. 

Facebook reportedly working on a smartwatch with health features
Author
Facebook, First Published Feb 14, 2021, 8:36 AM IST

ഫേസ്ബുക്ക് ഇപ്പോള്‍ സ്മാര്‍ട്ട് വാച്ച് വിപണിയിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം വില്‍ക്കാവുന്ന വിധത്തിലുള്ള ഒരു സ്മാര്‍ട്ട് വാച്ചിലാണ് ഫേസ്ബുക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഫേസ്ബുക്ക് നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് വാച്ച് ഒരു ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് വാച്ചായിരിക്കും. എങ്കിലും, സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുമോ അതോ ആന്‍ഡ്രോയിഡിന്റെ വെയര്‍ ഒഎസിനെ ആശ്രയിക്കുമോ എന്ന് ഫേസ്ബുക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ആരോഗ്യ, ഫിറ്റ്‌നസ് സവിശേഷതകള്‍ ഈ സ്മാര്‍ട്ട് വാച്ചില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അത് അസാധാരണമായ ഒന്നല്ലെങ്കിലും, വാച്ചില്‍ നിന്ന് നേരിട്ട് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള കഴിവാണ് സ്മാര്‍ട്ട് വാച്ചിന് ലഭിക്കുന്ന സവിശേഷത. ഇപ്പോള്‍, ഈ സവിശേഷത ഒരു സ്മാര്‍ട്ട് വാച്ചുകളിലും കാണില്ല. റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമാണെങ്കില്‍, ഫേസ്ബുക്കിന് അടുത്ത വര്‍ഷം സ്മാര്‍ട്ട് വാച്ച് വില്‍ക്കാന്‍ കഴിയും.

വലിയ സ്‌ക്രീനുകളുള്ള സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറക്കിയിട്ടും കമ്പനികള്‍ ഈ ഫീച്ചര്‍ നടപ്പാക്കിയിട്ടില്ല. ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍, ഫേസ്ബുക്ക് മുമ്പ് ഒക്കുലസ് വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളും പോര്‍ട്ടല്‍ വീഡിയോ ചാറ്റ് ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിരുന്നു. വാച്ചിനുപുറമെ, റേയ്ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകളിലും പ്രോജക്റ്റ് ആര്യ എന്നറിയപ്പെടുന്ന റിയാലിറ്റി റിസര്‍ച്ച് സംരംഭത്തിലും ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഫേസ്ബുക്ക് വാര്‍ത്ത സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.

ഫേസ്ബുക്ക് ഹാര്‍ഡ്‌വെയര്‍ പ്രോജക്റ്റിനു പുറമേ സോഫ്റ്റ് വെയറിലും പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. ക്ലബ് ഹൗസിന് സമാനമായ ഒരു ആപ്ലിക്കേഷനില്‍ ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിഇഒയും സഹസ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ക്ലബ്ഹൗസില്‍ ചേര്‍ന്നതിന് ആറ് ദിവസത്തിന് ശേഷമാണ് ഫേസ്ബുക്ക് ഒരു ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്ന വാര്‍ത്ത പുറത്തുവന്നത് എന്നതാണ് ശ്രദ്ധേയം.

ക്ലബ്ഹൗസിന് സമാനമായ ഒരു ആപ്ലിക്കേഷന്‍ സൃഷ്ടിക്കാന്‍ ഫേസ്ബുക്ക് തങ്ങളുടെ പ്രൊഡക്ഷന്‍ ടീമിനോട് ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ആപ്ലിക്കേഷന്‍ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. 'ഞങ്ങള്‍ വര്‍ഷങ്ങളായി ഓഡിയോ, വീഡിയോ സാങ്കേതികവിദ്യകളിലൂടെ ആളുകളെ ബന്ധിപ്പിക്കുന്നു, ആളുകള്‍ക്ക് ആ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ എല്ലായ്‌പ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്,' ഫെയ്‌സ്ബുക്ക് വക്താവ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

ഫേസ്ബുക്ക് എല്ലായ്‌പ്പോഴും എതിരാളികളോട് അതീവ താല്പര്യം കാണിക്കുന്നു. ഒന്നുകില്‍ അത് അതിന്റെ എതിരാളികളെ സ്വന്തമാക്കി അല്ലെങ്കില്‍ അതിന്റെ ഉല്‍പ്പന്നങ്ങളെ മറികടക്കാന്‍ വലിയ എന്തെങ്കിലും സൃഷ്ടിച്ചു. പ്രായം കുറഞ്ഞവര്‍ക്കിടയില്‍ ഈ ആപ്ലിക്കേഷനുകള്‍ കൂടുതല്‍ പ്രചാരം നേടിയതിനുശേഷം ഫേസ്ബുക്ക് വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഒക്കുലസ് എന്നിവ ഏറ്റെടുത്തു. നിലവില്‍, ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കിടയില്‍ ക്ലബ്ഹൗസ് ശ്രദ്ധേയമാണ്.

ക്ലബ്ഹൗസ് എല്ലാവിധത്തിലും സവിശേഷമാണ്. മറ്റേതൊരു അപ്ലിക്കേഷനെയും പോലെ, നിങ്ങള്‍ക്കിത് ആപ്പ്‌സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡുചെയ്യാന്‍ കഴിയില്ല. ഇത് ഒരു ഇന്‍വിറ്റേഷന്‍ ലഭിച്ചാല്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ആപ്ലിക്കേഷനാണ്, അതായത് ആപ്പില്‍ നിലവിലുള്ള ഒരു ഉപയോക്താവ് നിങ്ങളെ ക്ഷണിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഇതില്‍ ചേരാനാകൂ എന്നു സാരം.
 

Follow Us:
Download App:
  • android
  • ios