Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; ഈ വർഷം ജോലി നഷ്ടമാവുക 10000 പേര്‍ക്ക്

സ്ഥാപനത്തെ മെച്ചപ്പെട്ട സാങ്കേതിക വിദ്യാ കമ്പനി ആക്കുന്നതിനും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ ദീര്‍ഘ വീഷണത്തോടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനും വേണ്ടിയാണ് തീരുമാനമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്

facebook rolls another lay off notification etj
Author
First Published Mar 15, 2023, 3:28 AM IST

കാലിഫോര്‍ണിയ: ഫേസ്ബുക്കിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. ഈ വർഷം പതിനായിരം പേർക്ക് കൂടി ജോലി നഷ്ടമാകും. നിലവിലുള്ള 5000 ഒഴിവുകളും നികത്തില്ല. കമ്പനി ഘടന അഴിച്ചു പണിയുമെന്നും ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗ് വിശദമാക്കി. ദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാർക്ക് സക്കർബർഗ് പിരിച്ചുവിടല്‍ മുന്നറിയിപ്പും പുനസംഘടനയും സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. സ്ഥാപനത്തെ മെച്ചപ്പെട്ട സാങ്കേതിക വിദ്യാ കമ്പനി ആക്കുന്നതിനും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ ദീര്‍ഘ വീഷണത്തോടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനും വേണ്ടിയാണ് തീരുമാനമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്.

വരാനിരിക്കുന്ന മാറ്റങ്ങള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. മുന്നിലുളള കഠിന പാത മറികടക്കാന്‍ മാറ്റങ്ങള്‍ ഉടനേ തന്നെ വേണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സക്കര്‍ബര്‍ഗ് പറയുന്നു. അടുത്ത മാസങ്ങളില്‍ തന്നെ പുനസംഘടന സംബന്ധിച്ച വിവരം വിശദമാക്കും. ആളുകളെ ജോലിക്ക് എടുക്കുന്നത് കുറയ്ക്കും.അതിനാല്‍ തന്നെ റിക്രൂട്ടിംഗ് ടീമിലെ ആളുകളുടെ എണ്ണവും കുറയ്ക്കും. റിക്രൂട്ടിംഗ് വിഭാഗത്തിലുള്ളവര്‍ക്ക് തീരുമാനം അവരെ ബാധിക്കുമോയെന്ന് ഉടനേ അറിയാന്‍ സാധിക്കും. ഏപ്രില്‍ അവസാനത്തോടെ പിരിച്ചുവിടല്‍ പ്രഖ്യാപനം നടക്കും.

ഈ വര്‍ഷത്തില്‍ തന്നെ മാറ്റങ്ങള്‍ നടക്കും. ഞങ്ങളുടെ വിജയത്തിന്‍റെ ഭാഗമായിരുന്ന പ്രഗത്ഭരായ സഹപ്രവര്‍ത്തകരോട് യാത്ര പറയേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണ്. എങ്കിലും ഇതല്ലാതെ മറ്റ് മാര്‍ഗമില്ല. വ്യക്തിപരമായി ഇവരുടെ പ്രയത്നത്തിനോട് തനിക്ക് നന്ദിയുണ്ട്.  പുനസംഘടനയ്ക്ക് ശേഷം ആളുകളെ എടുക്കുന്നതിലെ നിയന്ത്രണം മാറ്റും. സാങ്കേതി വിദ്യാ കമ്പനി എന്നതിനേക്കാളുപരിയായി ബിസിനസ് സംരംഭമെന്ന രീതീയിലുള്ള ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനമാണ് തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്. 

നേരത്തെ ഗൂഗിള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വലിയ രീതിയില്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ചെലവ് കുറയ്ക്കലിന്‍റെ ഭാഗമായി അടുത്തിടെയായി ടെക് മേഖലയില്‍ പിരിച്ചുവിടലിന്‍റെ പരമ്പരയാണ് നടക്കുന്നത്. ടെക് ഭീമൻമാരായ ആൽഫബെറ്റ്, മെറ്റാ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവ വൻതോതിലുള്ള പിരിച്ചുവിടൽ തുടങ്ങിയിരുന്നു. ജനുവരിയിലാണ് മൈക്രോസോഫ്റ്റ് 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. നവംബറിൽ, ലോകമെമ്പാടുമുള്ള 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോൺ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 3700  ജീവനക്കാരാണ് ട്വിറ്ററിൽ നിന്നും പുറത്തായത്. 
 

Follow Us:
Download App:
  • android
  • ios