ന്യൂയോര്‍ക്ക്: മാർക്ക് സുക്കർബർഗിന്‍റയും കുടുംബത്തിന്‍റെയും സുരക്ഷയ്ക്ക് ഒരു വർഷം ഏകദേശം 156.30 കോടി രൂപ ചിലവാകുന്നു എന്ന് റിപ്പോര്‍ട്ട്. 2018ലെ കണക്കാണ് ഇത്. 2017നെ വച്ച് നോക്കുമ്പോള്‍ ഈ തുക ഇരട്ടിയാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് ഫേസ്ബുക്ക് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്​. 

കേവലം ഒരു ഡോളർ മാത്രം ശമ്പളം വാങ്ങുന്ന സുക്കര്‍ബര്‍ഗിന്‍റെ സുരക്ഷയ്ക്കാണ് ഇത്രയും വലിയ തുക ചെലവഴിക്കുന്നത്. ഇതിന് പുറമേ സുക്കർബർഗിന്‍റെ സ്വകാര്യ വിമാനത്തിന്‍റെ യാത്രയ്ക്കായി 2.6 ദശലക്ഷം ഡോളറും മുടക്കുന്നുണ്ട് ഫേസ്ബുക്ക്​​. ഇതും സുരക്ഷയുടെ ഭാഗമായാണ് ഫേസ്ബുക്ക് കണക്കാക്കുന്നത്.

സുക്കർബർഗ് കഴിഞ്ഞാൽ ഫേസ്ബുക്കില്‍ രണ്ടാംസ്ഥാനമുള്ള ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഷെറി സാൻഡ്ബർഗ് കഴിഞ്ഞ വര്‍ഷം സുരക്ഷയ്ക്കും യാത്രയ്ക്കും വാങ്ങിയത് 23.7 ദശലക്ഷം ഡോളറാണ്​.