ഹേഗ്: ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതായി ആരോപണം. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളും,ഫോണ്‍ നമ്പറും മറ്റും അടങ്ങുന്ന സ്വകാര്യ ഡാറ്റബേസ് കണ്ടെത്തിയത് ഹേഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഡിഐ ഫൗണ്ടേഷനാണ് ഇത്തരം ഒരു കണ്ടെത്തല്‍ നടത്തിയത്. സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ ചാരിറ്റി ഫൗണ്ടേഷനിലെ ഗവേഷകന്‍ സന്യാം ജെയിനാണ് ഇതിനെക്കുറിച്ച് ആദ്യം വിവരങ്ങള്‍ പുറത്ത് വിട്ടത് എന്നാണ് ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചോര്‍ന്ന വിവരങ്ങളില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ റെക്കോഡുകളാണ്. 13.3 കോടി ഫോണ്‍ നമ്പര്‍ അടക്കമുള്ള അമേരിക്കന്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് വിയറ്റ്നാം ആണ് 5 കോടി വിവരങ്ങള്‍. മൂന്നാം സ്ഥാനത്ത് യു.കെയാണ് ഇവിടുന്ന 1.8 കോടിപ്പേരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. മൊത്തത്തില്‍ 41.9 കോടി പേരുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തിയ ഡാറ്റബേസിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പുതിയ വാര്‍ത്ത പുറത്ത് എത്തിയതിന് പിന്നാലെ ഈ ഡാറ്റബേസ് അപ്രത്യക്ഷമായിട്ടുണ്ട്. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ എല്ലാ സാധ്യതയും ഉണ്ടെന്നാണ് ടെക് ലോകം പറയുന്നത്. സ്പാം സന്ദേശത്തിനും, പരസ്യം അറിയിക്കുന്ന കോളുകളിലേക്കും ഈ ചോര്‍ച്ച ഉപയോക്താവിനെ നയിച്ചിരിക്കാം. 

അതേ സമയം ഫേസ്ബുക്ക് ഇതില്‍ വിശദീകരണം നല്‍കുന്നത് ഇങ്ങനെയാണ്.  ഈ വിവരശേഖരം സെറ്റ് പഴയതാണെന്നും ഇതെല്ലാം നീക്കം ചെയ്തതാണെന്നുമാണ് ഫേസ്ബുക്ക് വക്താവ് പറഞ്ഞത്. ‘ഈ ഡേറ്റാ സെറ്റ് പഴയതാണ്. മറ്റുള്ളവരുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ച് കണ്ടെത്താനുള്ള സംവിധാനം കഴിഞ്ഞ വർഷം നീക്കം ചെയ്തിരുന്നു. മാറ്റങ്ങൾ വരുത്തുന്നതിനു മുൻപ് ലഭിച്ച വിവരങ്ങളാണ് ചോർന്നിരിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.

എന്നാല്‍ അമേരിക്കയില്‍ വലിയ ചര്‍ച്ചയാണ് പുതിയ ഫോണ്‍ നമ്പര്‍ ചോര്‍ച്ച ഉണ്ടാക്കിയിരിക്കുന്നത്. കോംബ്രിഡ്ജ് അനലിറ്റിക്ക വിവാദം കെട്ടടങ്ങും മുന്‍‍പ് പുറത്തുവന്ന പുതിയ വാര്‍ത്ത ഫേസ്ബുക്കിന് പുതിയ തലവേദനയാകും എന്നാണ് റിപ്പോര്‍ട്ട്.