സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമം ഫേസ്ബുക്കിന് സ്വന്തമായി ഇനി കറന്‍സി. ഫേസ്ബുക്കിന്‍റെ നിയന്ത്രണത്തിലുള്ള ക്രിപ്റ്റോകറൻസി  ലിബ്ര പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ക്രിപ്റ്റോകറൻസിയുടെ വിവരങ്ങള്‍ ഫേസ്ബുക്ക് പുറത്തിറക്കി. ഊബർ, മാസ്റ്റർ കാർഡ്, വീസ തുടങ്ങിയ ആഗോളതലത്തിലെ വമ്പന്‍ കമ്പനികള്‍ ഈ കറന്‍സിയില്‍ പങ്കാളികളാണ്.

ധനകാര്യരംഗത്തു മുൻനിരയിലുള്ള നൂറു സ്ഥാപനങ്ങളെ ഒപ്പം നിര്‍ത്തി ബിറ്റ്കോയിനെക്കാള്‍ ക്രിപ്റ്റോ കറന്‍സി രംഗത്ത് സാന്നിധ്യമാകുക എന്നതാണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്കിന്‍റെ മെസഞ്ചർ മേധാവിയായിരുന്ന ഡേവിഡ് മാർകസ് ആണ് ഈ പദ്ധതിയുടെ മേധാവി. ഇന്ത്യയില്‍ അടക്കം ഇതിനുള്ള ചര്‍ച്ചകള്‍ ഫേസ്ബുക്ക് പൂര്‍ത്തിയാക്കി എന്നാണ് സൂചന.

അതേ സമയം ഫേസ്ബുക്ക് ക്രിപ്റ്റോ കറന്‍സി ആദ്യം അവതരിപ്പിക്കുക ഇന്ത്യയിലാകും എന്നും സൂചനകള്‍ ഉണ്ട്. പക്ഷെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പല സൈബര്‍ ആക്രമണങ്ങളുടെ പിന്നില്‍ ക്രിപ്റ്റോ കറന്‍സിയാണ് എന്ന നിലയില്‍ വാര്‍ത്ത വന്നതോടെ ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സിയെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതിനാല്‍ തന്നെ ഇത് എങ്ങനെ നടപ്പിലാക്കും എന്നത് കാത്തിരുന്നു കണേണ്ടി വരും.

കറന്‍സി നടപ്പിലാക്കാന്‍ ഓൺലൈൻ വ്യാപാരികൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവരുമായി ഫേസ്ബുക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബ്ലോക്ക് ചെയിൻ ടെക്നോളജിയുടെ സഹായത്തോടെയാണ്  ഫേസ്ബുക്കിന്‍റെ ഡിജിറ്റൽ കറൻസി പദ്ധതി നടപ്പിലാക്കുക എന്നാണ് സൂചന. ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പ്രതീക്ഷിച്ചത്ര വിജയം നേടാനായിട്ടില്ല എന്നതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ഫേസ്ബുക്കിന്‍റെ നീക്കം.  ഓണ്‍ലൈനായി വിവിധതരം ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോകറന്‍സി.