ആഗോള തലത്തിലെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കായുള്ള ശ്രമം 2020-ലെ രണ്ടാം ത്രൈമാസത്തെ അപേക്ഷിച്ച് 2021-ലെ രണ്ടാം ത്രൈമാസത്തില്‍ 16.5 ശതമാനം വര്‍ധിച്ചപ്പോള്‍ ഇന്ത്യയില്‍ ഇതിന്റെ തോത് 49.20 ശതമാനമായി കുറഞ്ഞു. 

ദില്ലി: ഇന്ത്യയില്‍ ഓണ്‍ലൈനില്‍ തട്ടിപ്പുകള്‍ നടത്തുന്നവരുടെ ശ്രദ്ധാകേന്ദ്രം സാമ്പത്തിക സേവനങ്ങളുടെ മേഖലയില്‍ നിന്ന് യാത്ര, വിനോദം, ഓണ്‍ലൈന്‍ ഫോറങ്ങള്‍, ലോജിസ്റ്റിക് വ്യവസായം തുടങ്ങിയ മേഖലകളിലേക്കു മാറുന്നതായി ട്രാന്‍സ് യൂണിയന്‍ നടത്തിയ ഏറ്റവും പുതിയ ആഗോള ത്രൈമാസ അവലോകനം ചൂണ്ടിക്കാട്ടുന്നു. 

ആഗോള തലത്തിലെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കായുള്ള ശ്രമം 2020-ലെ രണ്ടാം ത്രൈമാസത്തെ അപേക്ഷിച്ച് 2021-ലെ രണ്ടാം ത്രൈമാസത്തില്‍ 16.5 ശതമാനം വര്‍ധിച്ചപ്പോള്‍ ഇന്ത്യയില്‍ ഇതിന്റെ തോത് 49.20 ശതമാനമായി കുറഞ്ഞു. ഇന്ത്യയിലെ ഗെയിമിങ് മേഖലയിലെ തട്ടിപ്പു ശ്രമങ്ങള്‍ 53.97 ശതമാനവും യാത്രാ വിനോദ മേഖലയിലെ തട്ടിപ്പു ശ്രമങ്ങള്‍ 269.72 ശതമാനവും വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിനു വെബ്‌സൈറ്റുകളിലും 40,000-ത്തില്‍ ഏറെ വെബ്‌സൈറ്റുകളിലും ആപ്പുകളിലും നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് ഇതു തയ്യാറാക്കിയത്.

മാസങ്ങള്‍ കഴിയുമ്പോള്‍ തട്ടിപ്പുകാര്‍ അവരുടെ ശ്രദ്ധാകേന്ദ്രം ഒരു മേഖലയില്‍ നിന്നു മറ്റൊരു മേഖലയിലേക്കു മാറ്റുന്നത് സാധാരണമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്റെ ഗ്ലോബല്‍ ഫ്രോഡ് സൊലൂഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് ഷായ് കോഹന്‍ പറഞ്ഞു. ഇടപാടുകള്‍ കൂടുതല്‍ വര്‍ധിക്കുന്ന മേഖലകളിലേക്കാവും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 

കോവിഡ് ലോക്ഡൗണുകള്‍ക്കുശേഷം പല രാജ്യങ്ങളും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ യാത്രാ വിനോദ മേഖലകള്‍ കൂടുതല്‍ സജീവമാകുകയും തട്ടിപ്പുകാര്‍ അവിടേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.