Asianet News MalayalamAsianet News Malayalam

നമ്പര്‍ 1 കേരള മോഡൽ! വമ്പൻ തീരുമാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഒന്നും രണ്ടുമല്ല, 2000 പൊതു ഇടങ്ങളിൽ ഫ്രീ വൈഫൈ

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി നൽകി.

Free Wi-Fi hotspots in 2000 public areas kerala model cm pinarayi vijayan big announcement btb
Author
First Published Sep 18, 2023, 8:05 PM IST

തിരുവനന്തപുരം: രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി നൽകി. നിരവധി ബസ്‌ സ്റ്റാൻഡുകൾ, ജില്ലാ ഭരണ കേന്ദ്രങ്ങൾ, പഞ്ചായത്ത്‌ കേന്ദ്രങ്ങൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ലൈബ്രറികൾ, പ്രധാന സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ. സാങ്കേതിക വിദ്യയുടെ ​ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സർക്കാർ സേവനങ്ങൾ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏല്ലാവർക്കും പബ്ലിക്ക് വൈഫൈ സൗകര്യമുറപ്പാക്കുന്ന കെ ഫൈ ഉൾപ്പെടെ ഈ രം​ഗത്ത് നടപ്പാക്കുന്ന പദ്ധതികളിലൂടെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ എങ്ങനെ ഉപയോഗിക്കാമെന്നതിനെ പറ്റിയുള്ള അന്താരാഷ്ട്ര കോൺക്ലേവ് സെപ്തംബർ 30ന് ആരംഭിക്കുകയാണ്. ‘നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉള്ളടക്കങ്ങൾ നിർമ്മിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസത്തിന്റെ ഭാവി എന്ത്’ എന്ന വിഷയത്തിൽ ഐ എച്ച് ആർ ഡിയുടെ ആഭിമുഖ്യത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

സെപ്തംബർ 30, ഒക്ടോബർ 1 ദിവസങ്ങളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കോൺക്ലേവിൽ ദേശീയ, അന്തർദേശീയ വിദഗ്‌ദ്ധരും വിദ്യാഭ്യാസ നയരൂപീകരണ രംഗത്തെ പ്രതിനിധികളും വ്യവസായ പ്രമുഖരും ഒത്തു ചേരും. ചാറ്റ് ജിപിടി പോലുള്ള ജനറേറ്റീവ് നിർമ്മിത ബുദ്ധി വിവരസാങ്കേതിക വിദ്യാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സമയമാണിത്. നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന ആലോചനകൾക്കും ശ്രമങ്ങൾക്കും തുടക്കമിടാനാണ് കോൺക്ലേവ് വഴിയുദ്ദേശിക്കുന്നത്.

കോൺക്ലേവിന് മുന്നോടിയായി, കേരളത്തിലെ വിവിധ ഐ എച്ച് ആർ ഡി സ്ഥാപനങ്ങളിൽ എഐ-തീം സെമിനാറുകളും വർക്ക്ഷോപ്പുകളും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഈ വിഷയത്തിൽ ഇടപെടാനുള്ള അവസരമാണ് ഇതുവഴിയൊരുങ്ങുന്നത്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വൈവിധ്യപൂർണ്ണമായ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ അന്താരാഷ്ട്ര കോൺക്ലേവ് ഊർജം പകരും.

ലോകം ആദരിച്ച വിജയത്തിന്‍റെ കൊടുമുടിയിൽ; ഇന്ത്യയെ ത്രസിപ്പിച്ച പ്രതിഭകളുടെ ശമ്പളം ഇങ്ങനെ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios