ദില്ലി: പുതിയ പരസ്യ നയത്തില്‍ നിര്‍ണ്ണായകമായ തീരുമാനം എടുത്ത് ഗൂഗിള്‍. ഇത് പ്രകാരം ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ പരസ്യങ്ങള്‍ ഗൂഗിളില്‍ നല്‍കാന്‍ കഴിയില്ല. ഇത് പ്രകാരം സ്പൈ വെയറുകള്‍, സ്പൈ ആപ്പുകള്‍ എന്നിവയ്ക്ക് പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ട് സംഭവിക്കും.

ഈ നയപ്രകാരം, ഭാര്യയെ നിരീക്ഷിക്കാന്‍ ഇതാ ഒരു ആപ്പ്, ഭാര്യ അറിയാതെ അവരുടെ വാട്ട്സ്ആപ്പ് നോക്കാം, ഭര്‍ത്താവിന്‍റെ നീക്കങ്ങള്‍ രഹസ്യമായി മനസിലാക്കാം തുടങ്ങിയ പരസ്യവുമായി ഗൂഗിളില്‍ വരുന്ന ആപ്പുകള്‍ക്കും പ്രോഡക്ടുകള്‍ക്കും ഇത്തരം പരസ്യങ്ങള്‍ ഇനി നടക്കില്ല.

എന്നാല്‍ സര്‍വെലന്‍സ് നടത്തുന്ന എല്ലാ ഉപകരണങ്ങള്‍ക്കും പുതിയ നയം ബാധകമാണ് എന്നതാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ജിപിഎസ് ട്രാക്കര്‍, ഒരു വ്യക്തി അറിയാതെ അയാളുടെ നീക്കങ്ങള്‍ ഒപ്പിയെടുക്കുന്ന സ്പൈ ക്യാമറകള്‍, ഡാഷ് ക്യാമറകള്‍, ഓഡിയോ റെക്കോഡര്‍ എന്നിവയ്ക്കെല്ലാം ഈ നയം ബാധകമാണ്. 

എന്നാല്‍ പ്രൈവറ്റ് ഇന്‍വസ്റ്റിഗേഷന്‍ പ്രോഡക്ട്, കുട്ടികളെ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഈ പരസ്യ നയം ബാധകമല്ല. ആഗസ്റ്റ് 11 മുതലാണ് 'എനെബിളിങ് ഡിസ് ഹോണസ്റ്റ് ബിഹേവിയര്‍' എന്ന പേരില്‍ ഗൂഗിള്‍ ഈ നയം നടപ്പിലാക്കുന്നത്.

അടുത്ത പങ്കാളിയെ നിരീക്ഷിക്കാന്‍ പലര്‍ക്കും പ്രേരണയാകുന്നത് ഗൂഗിള്‍ പരസ്യങ്ങളാണ് എന്ന 2018 ലെ പഠനം അധികരിച്ചാണ്  ഗൂഗിള്‍ ഇത്തരം ഒരു തീരുമാനം തങ്ങളുടെ പരസ്യ നയത്തില്‍ എടുത്തത്.