സന്‍ഫ്രാന്‍സിസ്കോ: ഗൂഗിള്‍ കൊറോണ ടെസ്റ്റ് ടൂള്‍ അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. ഗൂഗിളിന്റെ വെറിലി ഡിവിഷനാണ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു വെബ്സൈറ്റ് വരുന്നുവെന്ന് ഒരു ദിവസം മുൻപ് തന്നെ ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ തന്നെ വെബ്സൈറ്റ് ലൈവായിരിക്കുകയാണ്.

സെറ്റിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ കാലിഫോര്‍ണിയയിലാണ് ലഭ്യമാകുന്നത്. ഇവിടുത്തെ താമസക്കാര്‍ക്ക് ഓൺലൈൻ വഴി കോവിഡ്-19 സ്ക്രീനർ സർവേയില്‍ പങ്കെടുക്കാം. യോഗ്യത നേടുന്ന ആളുകളെ ശേഷി അടിസ്ഥാനമാക്കി മൊബൈൽ ടെസ്റ്റിങ് സൈറ്റുകളിലേക്ക് നയിക്കും. അവിടെ അവരെ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കും. ​​കൂടാതെ കോവിഡ്-19 ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അടുത്ത ദിവസങ്ങളിൽ അറിയിക്കുകയും ചെയ്യും.

പരിശോധന സൗജന്യമായിരിക്കുമെന്നാണ് സൂചന. കലിഫോർണിയ ഗവർണറുടെ ഓഫിസ്, ഫെഡറൽ, സ്റ്റേറ്റ്, പ്രാദേശിക പൊതുജനാരോഗ്യ അതോറിറ്റികളുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം ഗൂഗിള്‍ ഉണ്ടാക്കിയത്. ഇപ്പോള്‍ ടെസ്റ്റിങ് സൈറ്റുകൾ‌ കാലിഫോര്‍ണിയയിലെ ചില പ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. 

ഇത് വിജയമാകുകയാണെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. കൂടുതൽ ടെസ്റ്റിംഗ് കിറ്റുകളും സൈറ്റുകളും ലഭ്യമാക്കാൻ പദ്ധതിയുണ്ടെന്നും കമ്പനി പറഞ്ഞു.

ടെസ്റ്റിന് വേണ്ടി ചെയ്യേണ്ടത്

വെബ്സൈറ്റ് സന്ദർശിച്ച് ‘Get Started’ ടാബിൽ ടാപ്പുചെയ്യാം. കൊറോണ വൈറസ് സ്ക്രീൻ ചെയ്യാൻ നിങ്ങൾക്ക് അർഹതയുണ്ടോ എന്ന് പരിശോധിക്കാൻ താഴെയുള്ള വിവരങ്ങൾ നൽകണം.

രോഗ ലക്ഷണങ്ങളുണ്ടോ
18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ
യുഎസ് താമസക്കാരൻ
നിലവിൽ പരിശോധന ലഭ്യമായിട്ടുള്ള ഒരു കൗണ്ടിയിൽ‌ ആണ് വസിക്കുന്നത്
കോവിഡ് - 19 പബ്ലിക് ഹെൽത്ത് അംഗീകാര ഫോമിൽ ഒപ്പിടാൻ തയ്യാറാണ്

എന്നിവയ്ക്ക് ഉത്തരം നല്‍കിയാല്‍ നിങ്ങള്‍ക്ക് സ്ക്രീനിംഗിന് അപ്പോയിമെന്‍റ് നല്‍കും.