ന്യൂയോര്‍ക്ക്:  ഫിറ്റ്നസ് ബാന്‍റുകളിലൂടെ ടെക് ലോകത്ത് പ്രശസ്തമായ  ഫിറ്റ്ബിറ്റിനെ ഗൂഗിള്‍ ഏറ്റെടുക്കുന്നു. വെയറബിള്‍ ടെക് മേഖലയില്‍ വലിയൊരു കുതിച്ചുചാട്ടം മുന്നില്‍ കണ്ടാണ് ഗൂഗിളിന്‍റെ നീക്കം. ഫിറ്റ്ബിറ്റിനെ 2.1 ബില്യൺ ഡോളറിനാണ് ഗൂഗിൾ വാങ്ങുന്നത്. ജനപ്രിയ ഫിറ്റ്നസ് ട്രാക്കർ കമ്പനിയായ ഫിറ്റ്ബിറ്റിനെ വാങ്ങാൻ ഗൂഗിൾ ചർച്ചകൾ നടത്തിവരികയാണെന്ന് നേരത്തെ ടെക് ലോകത്ത് വാര്‍ത്തയുണ്ടായിരുന്നു. 

ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഫിറ്റ്ബിറ്റ് ഗൂഗിളില്‍ ചേരും. ഇതേസമയം, സ്വകാര്യതയും ഉപഭോക്താക്കളുടെ ഡാറ്റയും സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഫിറ്റ്ബിറ്റ് വ്യക്തമാക്കി. ഫിറ്റ്നസ് ഡാറ്റയും സ്വകാര്യത സംബന്ധിച്ച വിവരങ്ങളും രഹസ്യമായി തന്നെയിരിക്കുമെന്നും ഗൂഗിൾ പരസ്യങ്ങൾക്ക് വേണ്ടി ഈ ഡാറ്റകള്‍ ഉപയോഗിക്കില്ലെന്നും ഫിറ്റ്ബിറ്റ് ഔദ്യോഗികമായി അറിയിച്ചു.

നിലവില്‍ ഷവോമി, ആപ്പിള്‍, വാവെയ്, ഫിറ്റ്ബിറ്റ് എന്നീ കമ്പനികളാണ് വെയറബിള്‍ ടെക്‌നോളജി മേഖലയില്‍ മുന്‍നിരയിലുള്ളത്. ഗൂഗിള്‍ ഫിറ്റ്ബിറ്റ് വാങ്ങിയെന്ന വാര്‍ത്ത വന്നതോടെ ഫിറ്റ്ബിറ്റിന്റെ ഓഹരിവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.