ജെമിനി എന്ന എഐ മോഡല്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഗൂഗിളിന്‍റെ മുന്നറിയിപ്പ്

സ്മാർട്ട് ഫോണുകളിലെ ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷാ, സ്വകാര്യത അപകട സാധ്യതകൾ സംബന്ധിച്ച് ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ. ജെമിനി എന്ന എഐ മോഡല്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഗൂഗിളിന്‍റെ മുന്നറിയിപ്പ്. ജെമിനി ആപ്പിലെ ആക്റ്റിവിറ്റിക്കിടയില്‍ സ്വകാര്യ വിവരങ്ങള്‍ നല്‍കരുതെന്നാണ് മുന്നറിയിപ്പ്. 

സൂപ്പർചാർജ് ചെയ്ത ഗൂഗിള്‍ അസിസ്റ്റന്‍റിന് സമാനമാണ് ജെമിനി ആപ്പുകൾ. രഹസ്യാത്മക വിവരങ്ങളോ പങ്കുവെയ്ക്കാന്‍ ആഗ്രഹമില്ലാത്ത ഡാറ്റയോ ഒരിക്കലും നല്‍കരുത്. ഒരു തവണ ഒരു വിവരം കൈമാറിയാല്‍ ജെമിനി ആപ്പിലെ ആക്റ്റിവിറ്റി ഡിലീറ്റ് ചെയ്താലും നിശ്ചിത കാലയളവിലേക്ക് അവ നീക്കം ചെയ്യപ്പെടില്ലെന്ന് ഗൂഗിള്‍ പറയുന്നു. ഉപയോക്താവിന്‍റെ ഗൂഗിള്‍ അക്കൌണ്ടുമായി ബന്ധിപ്പിച്ചല്ല, മറിച്ച് പ്രത്യേകമായാണ് ഈ ഡാറ്റ സ്റ്റോര്‍ ചെയ്യപ്പെടുന്നത്. വിവരങ്ങള്‍ മൂന്ന് വർഷം വരെ ഡിലീറ്റ് ചെയ്യപ്പെടാതെ കിടക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

എട്ട് വര്‍ഷമായി ഗൂഗിള്‍ നടത്തി വരുന്ന എഐ ഗവേഷണത്തിന്‍റെ പരിസമാപ്തിയാണ് ജെമിനിയെന്ന് ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചൈ നേരത്തെ പറയുകയുണ്ടായി. അള്‍ട്രാ, പ്രോ, നാനോ എന്നീ മൂന്ന് മോഡുകളില്‍ ജെമിനി എഐ ലഭ്യമാകും. എഐ ടാസ്‌ക്കുകള്‍ നിര്‍വഹിക്കുന്നതിനുള്ള ഏറ്റവും വലിയ എല്‍എല്‍എം ആണ് അള്‍ട്രായില്‍ ഉപയോഗിക്കുന്നത്. പ്രോയില്‍ താരതമ്യേന ചെലുതും നാനോയില്‍ ഏറ്റവും ചെറിയ എല്‍എല്‍എമ്മുമാണ് ഉപയോഗിക്കുക. 

ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ ഉറച്ചാണ് ഗൂഗിള്‍ ജെമിനി എഐ അവതരിപ്പിച്ചതെന്നാണ് ടെക് ലോകത്തെ വാര്‍ത്തകള്‍. ഓരോ സാങ്കേതിക മാറ്റവും മനുഷ്യ പുരോഗതി ത്വരിതപ്പെടുത്താനും ജീവിതം മെച്ചപ്പെടുത്താനുമുള്ള അവസരമാണെന്ന് പിച്ചൈ തന്റെ ബ്ലോഗില്‍ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം