Asianet News MalayalamAsianet News Malayalam

ഗൂഗിള്‍ പ്ലേ മ്യൂസിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഒക്ടോബറോടെ അപ്ലിക്കേഷന്‍ പ്രവര്‍ത്തനരഹിതമാകുമെങ്കിലും, നിലവിലുള്ള ഗൂഗിള്‍ പ്ലേ മ്യൂസിക് ഉപയോക്താക്കള്‍ക്ക് 2020 ഡിസംബറോടെ അവരുടെ ഓണ്‍ലൈന്‍ മ്യൂസിക്ക് ലൈബ്രറി ട്രാന്‍സ്ഫര്‍ നടത്താന്‍ കഴിയും

Google Play Music will become defunct in India starting October
Author
New Delhi, First Published Aug 6, 2020, 11:32 AM IST

ദില്ലി: ആന്‍ഡ്രോയിഡ് ഫോണുകളെ സംഗീതഭരിതമാക്കിയിരുന്ന ഗൂഗിള്‍ പ്ലേ മ്യൂസിക്ക് അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഗൂഗിള്‍ പ്ലേ മ്യൂസിക്ക് സെപ്റ്റംബര്‍ മുതല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും അതിന്റെ അപ്ലിക്കേഷന്‍ ഷട്ട്ഡൗണ്‍ ചെയ്യാന്‍ തുടങ്ങും. ഇതിനോടൊപ്പം ഒക്ടോബര്‍ മുതല്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത് പ്രവര്‍ത്തനരഹിതമാകും. ഓഗസ്റ്റ് അവസാനം മുതല്‍, ഉപയോക്താക്കള്‍ക്ക് ഇതില്‍ മ്യൂസിക്ക് വാങ്ങാനും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനും അല്ലെങ്കില്‍ മ്യൂസിക് മാനേജര്‍ വഴി ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ നിന്ന് സംഗീതം അപ്‌ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയില്ല. ഇക്കാര്യം ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

ഒക്ടോബറോടെ അപ്ലിക്കേഷന്‍ പ്രവര്‍ത്തനരഹിതമാകുമെങ്കിലും, നിലവിലുള്ള ഗൂഗിള്‍ പ്ലേ മ്യൂസിക് ഉപയോക്താക്കള്‍ക്ക് 2020 ഡിസംബറോടെ അവരുടെ ഓണ്‍ലൈന്‍ മ്യൂസിക്ക് ലൈബ്രറി ട്രാന്‍സ്ഫര്‍ നടത്താന്‍ കഴിയും, അതിനുശേഷം അവരുടെ ഗൂഗിള്‍ പ്ലേ സംഗീത ലൈബ്രറികള്‍ മേലില്‍ ലഭ്യമാകില്ല. ഗൂഗിള്‍ പ്ലേ മ്യൂസിക് ഉപയോക്താക്കള്‍ക്ക് അവരുടെ സംഗീതവും ഡാറ്റയും യുട്യൂബ് മ്യൂസിക്കിലേക്ക് കൈമാറാം. 
ഇതിന്റെ ഭാഗമെന്ന നിലയില്‍, ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമാക്കുന്നതിനായി മെയ് മാസം മുതല്‍ക്കു തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക് അപ്ലിക്കേഷനില്‍ ഒരു ട്രാന്‍സ്ഫര്‍ ബട്ടണ്‍ അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ ബുദ്ധിമുട്ടാതെ അവരുടെ എല്ലാ ഡാറ്റയും കൈമാറാന്‍ കഴിയും. 2020 ഡിസംബറിന് ശേഷം, ഉപയോക്താക്കളുടെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യും. അതിനാല്‍ എല്ലാ കൈമാറ്റങ്ങളും മുന്‍കൂട്ടി നന്നായി ചെയ്തുവെന്ന് അവര്‍ ഉറപ്പാക്കണം.

മ്യൂസിക് സ്‌റ്റോര്‍ മേലില്‍ ലഭ്യമല്ലെങ്കിലും, ഉപയോക്താക്കള്‍ക്ക് മറ്റെവിടെയെങ്കിലും നിന്നു വാങ്ങിയ ട്രാക്കുകള്‍ യുട്യൂബ് മ്യൂസിക്കിലേക് അപ്‌ലോഡ് ചെയ്യുന്നത് തുടരാമെന്ന് ഗൂഗിള്‍ അഭിപ്രായപ്പെട്ടു. 
ഉപയോക്താക്കള്‍ക്ക് അവരുടെ മ്യൂസിക്ക് ലൈബ്രറി അപ്ലിക്കേഷനിലേക്ക് മാറുമ്പോള്‍ അറിയിപ്പുകളോ ഇമെയിലുകളോ ലഭിക്കും. പോഡ്കാസ്റ്റ് ഉപയോക്താക്കള്‍ക്ക് അവരുടെ എപ്പിസോഡുകളും സബ്‌സ്‌ക്രിപ്ഷനുകളും കൈമാറാന്‍ ഗൂഗിള്‍ പേജ് സന്ദര്‍ശിക്കാം. 

പ്ലെയര്‍ പേജ് പുനര്‍രൂപകല്‍പ്പന, ടാബ് ചെയ്യുക എന്നിവപോലുള്ള മെച്ചപ്പെടുത്തിയ സവിശേഷതകളും യുട്യൂബ് മ്യൂസിക്കില്‍ ഉണ്ടാകും. യുട്യൂബ് മ്യൂസിക്കിനായുള്ള വില ഗൂഗിള്‍ പ്ലേ മ്യൂസിക്കിന് സമാനമായി തുടരുമെന്ന് ഗൂഗിള്‍ കുറിച്ചു. പകരമായി, ഉപയോക്താക്കള്‍ക്ക് ഒരു യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ നേടാനും യുട്യൂബ് മ്യൂസിക് അപ്ലിക്കേഷനിലേക്ക് ആക്‌സസ്സ് നേടാനും കഴിയും.

Follow Us:
Download App:
  • android
  • ios