ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഫോണ്‍ എന്ന് അവകാശപ്പെടുന്ന ആപ്പിള്‍ ഐഫോണിന്‍റെ വാദത്തിന് തിരിച്ചടിയായി ഗൂഗിള്‍ കണ്ടുപിടുത്തം. ഗൂഗിളിന്‍റെ സൈബര്‍ സുരക്ഷ പദ്ധതി പ്രോജക്ട്  സീറോ ടീം ആണ് ഐഫോണിലെ സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടുന്നത്. ചില സൈറ്റുകള്‍ ആപ്പിള്‍ ഐഫോണുകള്‍ വഴി സന്ദര്‍ശിക്കുമ്പോള്‍ ഈ സൈറ്റുകള്‍ വഴി ഐഫോണിലേക്ക് മാല്‍വെയറുകള്‍ കയറുന്നു എന്നാണ് ഗൂഗിള്‍ പറയുന്നത്. 

ഇത് ഉപയോക്താവിന്‍റെ വിവരങ്ങളുടെ സുരക്ഷയെ ബാധിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. വെറും ഉപയോക്താവിവരങ്ങള്‍ മാത്രമല്ല ഫോട്ടോ, സന്ദേശങ്ങള്‍, ലൊക്കേഷന്‍ ഇങ്ങനെ ഒരു ഐഫോണ്‍ ഉപയോക്താവിന്‍റെ എന്ത് വിവരവും ഫോണില്‍ നിന്നും ചോര്‍ത്താന്‍ പ്രാപ്തമാണ് ഈ മാല്‍വെയറുകള്‍ എന്നാണ് മുന്നറിയിപ്പ്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഇത് സംബന്ധിച്ച് ഗൂഗിള്‍ ആപ്പിളിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും. ഇതിന്‍റെ ഫലമായാണ് ഐഒഎസ് 12.1.4 അപ്ഡേറ്റ് വന്നത് എന്നും ഗൂഗിളിന്‍റെ ബ്ലോഗ് പോസ്റ്റ് പറയുന്നു. ഒപ്പം ഒരു സെക്യുരിറ്റി സപ്പോര്‍ട്ട് പേജും ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. 

ദിവസവും ആയിരക്കണക്കിന് സന്ദര്‍ശകരുള്ള സൈറ്റുകള്‍ വഴിയാണ് മാല്‍വെയര്‍ ഐഫോണില്‍ എത്തുന്നത് എന്നാണ് ഗൂഗിള്‍ പറയുന്നത്. പ്രധാനമായും ഐഒഎസ് 10 മുതല്‍ 12 വരെയുള്ള ഒഎസ് ഉപയോഗിക്കുന്ന ഡിവൈസുകളെയാണ് ഇത് ബാധിക്കുന്നത്. കഴിഞ്ഞ രണ്ട് കൊല്ലമായി ഇത് തുടരുന്നുണ്ടെന്നാണ് കണ്ടെത്തല്‍.