അന്താരാഷ്ട്ര വിപണിയിലെ വിലയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവിന് പിന്നില്‍ എന്ന് കേന്ദ്രം പറയുമ്പോഴും. വലിയ തോതിലുള്ള നികുതിയാണ് ഇന്ത്യയില്‍ വാങ്ങുന്നത് എന്നാണ് എതിരായി ഉയരുന്ന വാദം. 

ദില്ലി: ഇന്ധന വില വര്‍ദ്ധനവ് (Fuel Price Hike) രാജ്യത്ത് ഇപ്പോള്‍ ചൂടേറിയ വിഷയമാണ്. രാജ്യത്തിന്‍റെ പല പ്രദേശത്തും പെട്രോള്‍ വില 120 കടന്നു. ഡീസലിനും വില 100 കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവിന് പിന്നില്‍ എന്ന് കേന്ദ്രം പറയുമ്പോഴും. വലിയ തോതിലുള്ള നികുതിയാണ് ഇന്ത്യയില്‍ വാങ്ങുന്നത്. 

അതേ സമയം ആഗോളതലത്തില്‍ തന്നെ ഇന്ധന വിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ അത് പ്രകടമാണ്. ഉപയോക്താക്കള്‍ തിരയുന്ന വിഷയങ്ങള്‍ വച്ച് രൂപീകരിക്കപ്പെട്ട ഗൂഗിള്‍ ട്രെന്‍റിലെ (Google Trend Data) ഇന്ധന വില സംബന്ധിച്ച ചില കണക്കുകള്‍ രസകരമാണ്. അതില്‍ ആദ്യം തന്നെ പെട്രോളിന്‍റെ വില ഏറ്റവും കൂടുതല്‍ തിരയുന്ന രാജ്യം എതാണ് എന്ന് നോക്കിയാല്‍ അത് ഇന്ത്യയാണ്. 100 ആണ് ഇന്ത്യയുടെ ഇതിലുള്ള സ്കോര്‍ എന്ന് ഗൂഗിള്‍ ട്രെന്‍റ് പറയുന്നു.

രണ്ടാം സ്ഥാനത്ത് പാകിസ്ഥാനാണ്, മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്, നാലാം സ്ഥാനത്ത് യുഎഇയും, അഞ്ചാം സ്ഥാനത്ത് ഖത്തറുമാണ്. ഒമാന്‍, നേപ്പാള്‍, മലേഷ്യ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിങ്ങനെയാണ് തുടര്‍ന്ന് പെട്രോള്‍ വില സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം വച്ച് ആദ്യത്തെ പത്തിലുള്ളവ.

ഇനി ഡീസല്‍ വിലയിലേക്ക് വന്നാലും ഇന്ത്യ, ദിവസവും ഡീസല്‍ വില അറിയാന്‍ മുന്നില്‍ നില്‍ക്കുന്നുവെന്നാണ് ഗൂഗിള്‍ ട്രെന്‍റ് കണക്കുകള്‍ പറയുന്നത്. ദക്ഷിണാഫ്രിക്ക, ഖത്തര്‍, നേപ്പാള്‍, യുഎഇ എന്നിങ്ങനെയാണ് ഡീസല്‍ വില സെര്‍ച്ച് ചെയ്യുന്ന ആദ്യത്തെ അഞ്ച് രാജ്യങ്ങള്‍. 

ലിക്വിഡ് പെട്രോളിയം ഗ്യാസ് (LPG) വിലയും ഏറ്റവും കൂടുതല്‍ സെര്‍ച്ച് ഇന്ത്യയിലാണ് ഗൂഗിള്‍ ട്രെന്‍റ് കാണിക്കുന്നത്. രണ്ടാമത് ബംഗ്ലാദേശാണ്. തുടര്‍ന്ന് അഞ്ച് വരെ സ്ഥാനങ്ങളില്‍ പാകിസ്ഥാന്‍, നേപ്പാള്‍, ഫിലിപ്പെന്‍സ് എന്നിവരാണ്. പാചക വാതകത്തിന്‍റെ വിലയില്‍ അതീവ ശ്രദ്ധയിലാണ് ഏഷ്യന്‍ രാജ്യങ്ങളെന്ന് ഇതില്‍ നിന്നും വ്യക്തം.

അതേ സമയം അസംസ്കൃത എണ്ണ (crude oil) വില അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ പാകിസ്ഥാനാണ് മുന്നില്‍. മലേഷ്യ, ഖത്തര്‍, യുഎഇ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. ഈ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്.