ചെന്നൈ: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായ ചലച്ചിത്രം 'സുരാറൈ പോട്ര്' വലിയ അഭിപ്രായവുമായി മുന്നേറുകയാണ്. സുധ കൊങ്കറ സംവിധാനം ചെയ്ത ചിത്രം സൂര്യയ്ക്ക് മികച്ചൊരു തിരിച്ചുവരവ് നല്‍കിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം സംസാരം. അതിനിടെ ചിത്രത്തില്‍ പറയുന്ന റിയല്‍ ഹീറോയെ തേടിയും ആരാധകര്‍ നീങ്ങുകയാണ്. 'സുരാറൈ പോട്ര്' റിലീസ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഗിള്‍ ഇന്ത്യയില്‍ ട്രെന്‍റിംഗില്‍ സെര്‍ച്ചില്‍ നിറയുന്നത് ജിആര്‍ ഗോപിനാഥ് ആരാണെന്നാണ്.

എയര്‍ ഡെക്കാണ്‍ സ്ഥാപകനായ ജിആര്‍ ഗോപിനാഥിന്‍റെ സിംപ്ലി ഫ്ലൈ എന്ന പുസ്തകത്തെ ഉപജീവിച്ചാണ് 'സുരാറൈ പോട്ര്' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ എയര്‍ ഡെക്കാന്‍ എന്ന ആശയം പ്രവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളാണ് ആത്മകഥാശാമുള്ള ഈ പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തില്‍ നിന്നും സിനിമയിലേക്ക് എത്തുമ്പോള്‍ കഥപരമായി നാടകീയ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും അടിസ്ഥാന ആശയം വിടാതെ ഇത് ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് നേരത്തെ സംവിധായികയും ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഗൂഗിള്‍ ട്രെന്‍റ്സ് സെര്‍ച്ച് പ്രകാരം കഴിഞ്ഞ ഒരാഴ്ചയില്‍ 'സുരാറൈ പോട്ര്' റിലീസ് ആയ നവംബര്‍ 11 മുതല്‍ വലിയ സെര്‍‍ച്ചാണ് ജിആര്‍ ഗോപിനാഥിനെക്കുറിച്ച് ഇന്ത്യയില്‍ നടക്കുന്നത്. ഗൂഗിള്‍ ട്രെന്‍റ്സ് കണക്കില്‍ ചില സമയങ്ങളില്‍ ഇത് അവരുടെ കണക്ക് അനുസരിച്ച് 100ല്‍ എത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പ്പേര്‍ ഇദ്ദേഹത്തെക്കുറിച്ച് അറിയാന്‍ സെര്‍ച്ച് ചെയ്തത്. പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നിങ്ങനെയാണ് തുടര്‍ന്ന് ക്യാപ്റ്റന്‍ ഗോപിനാഥിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ സെര്‍ച്ച് നടന്ന സ്ഥലങ്ങള്‍.

സിനിമയില്‍ ഡെക്കാന്‍റെ പ്രധാന എതിരാളിയായി കാണിക്കുന്ന പരേഷ് ഗോസ്വാമി ആരാണെന്ന് അറിയാനും, അയാളുടെ കന്പനി ജാസ് എയര്‍ലൈന്‍ എതാണെന്ന് അറിയാനും വലിയ സെര്‍ച്ച് നടക്കുന്നു എന്നാണ് ഗൂഗിള്‍ ട്രെന്‍റ്സ് കണക്ക് പറയുന്നത്. എയര്‍ ഡെക്കാണിന്റെ സ്ഥാപകനാണ് ജി ആര്‍ ഗോപിനാഥ്. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്യാപ്റ്റനായിരുന്നു.