ദില്ലി: ജനപ്രിയ ഫയല്‍ ഷെയറിങ് സൈറ്റായ വീട്രാന്‍സ്ഫറിനെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിരോധിച്ചു. ദേശീയ താത്പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് നിരോധനമെന്നാണ് സൂചന. എന്നാല്‍ വ്യക്തമായ കാരണം പുറത്തറിഞ്ഞിട്ടില്ല. രാജ്യത്തെ ജനപ്രിയ ഷെയറിങ് വെബ്‌സൈറ്റാണ് വീ ട്രാന്‍സ്ഫര്‍. കൊറോണ കാലത്ത് വലിയ ഫയലുകള്‍ അയയ്ക്കാന്‍ ഏറെ പേര്‍ ആശ്രയിച്ചിരുന്ന വീ ട്രാന്‍സ്ഫര്‍ നിരോധിച്ചതോടെ ഇനി ബദല്‍ സംവിധാനങ്ങളിലേക്ക് ഉപയോക്താക്കള്‍ക്ക് തിരിയേണ്ടി വരും. 

രാജ്യത്തുടനീളമുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് മൂന്ന് യുആര്‍എല്ലുകള്‍ നിരോധിക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ആദ്യ രണ്ട് നോട്ടീസുകള്‍ വെബ്‌സൈറ്റിന്റെ രണ്ട് നിര്‍ദ്ദിഷ്ട യുആര്‍എല്ലുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെടുന്നു. മൂന്നാമത്തെ അറിയിപ്പ് പ്രകാരം, വീ ട്രാന്‍സ്ഫറിന്റെ മുഴുവന്‍ വെബ്‌സൈറ്റ് യുആര്‍എല്ലുകളും നിരോധിക്കുക എന്നതാണ്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് വീ ട്രാന്‍സ്ഫറിനുള്ളത്. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ കമ്പനി ഇന്ത്യയില്‍ കൂടുതല്‍ ജനപ്രീതി നേടി. ഒരാളുടെ ഇമെയിലിലേക്ക് 2 ജിബി വരെ ഫയലുകള്‍ അയയ്ക്കാന്‍ വെബ്‌സൈറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിനായി ഒരു പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കേണ്ട ആവശ്യമില്ല. പണമടച്ചുള്ള പ്ലാന്‍ ഉയര്‍ന്ന ശേഷിയുള്ള ഫയല്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കുമ്പോള്‍, മിക്ക ഉപയോക്താക്കളും ഉപയോഗിച്ചത് സൗജന്യ പ്ലാനാണ്. 

വളരെയധികം യൂസര്‍ഫ്രണ്ട്‌ലിയായ ഈ വെബ്‌സൈറ്റിന് പ്രതിസന്ധി കാലത്ത് വളരെ പ്രചാരം ലഭിക്കുകയും ചെയ്തു. വീട്ടിലിരുന്നു ജോലി ചെയ്തവര്‍ തങ്ങളുടെ വലിയ ഫയലുകള്‍ സെന്‍ഡ് ചെയ്യാന്‍ ഇതാണ് ഉപയോഗിച്ചത്. ഈ വെബ്‌സൈറ്റ് രാജ്യത്ത് ഇത്രയധികം പ്രചാരം നേടാനുള്ള കാരണമാണിത്.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ വെബ്‌സൈറ്റ് നിരോധിച്ചതെന്നും ഏത് പേജില്‍ എന്താണ് ആക്ഷേപകരമെന്ന് കണ്ടെത്തിയതെന്നും വ്യക്തമല്ല. എന്നാല്‍ ഇപ്പോള്‍ പ്രമുഖ ഐഎസ്പികളില്‍ ഭൂരിഭാഗവും തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വെട്രാന്‍സ്ഫര്‍ പ്രവേശനം തടഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഇത്തരം നിരോധനങ്ങള്‍ പുതിയതല്ല. നിരവധി വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു. 

വാസ്തവത്തില്‍, 2019 ലെ ലോക്‌സഭാ സെഷനില്‍, വിവരസാങ്കേതിക മന്ത്രാലയം ഇന്ത്യയില്‍ തടഞ്ഞ യുആര്‍എല്ലുകളുടെ എണ്ണത്തില്‍ 442 ശതമാനം വര്‍ധനയുണ്ടായതായി വെളിപ്പെടുത്തി. ഈ യുആര്‍എല്ലുകളില്‍ മാല്‍വെയറുകള്‍ അല്ലെങ്കില്‍ ഏതെങ്കിലും സെക്ഷ്വല്‍ ഉള്ളടക്കമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ എന്തെങ്കിലും ഉള്ളടക്കം കണക്കിലെടുത്താവണം ഇപ്പോഴത്തെ നിരോധനമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. നിരോധനം മുഴുവന്‍ വെബ്‌സൈറ്റിനും ബാധകമാണ്.