ആദ്യഘട്ടത്തില്‍ ഇതിന്‍റെ പൈലറ്റ് പദ്ധതി ജമ്മു കശ്മീരിലും ത്രിപുരയിലും നടപ്പിലാക്കി. ഇതിന്‍റെ ഫലങ്ങള്‍ വീക്ഷിച്ച് രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 

ദില്ലി: സൈബര്‍ ലോകത്ത് നടക്കുന്ന വിവിധ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജന പങ്കാളിത്തത്തോടെ സൈബര്‍ വളണ്ടിയര്‍മാരെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍, ചൈല്‍ഡ് പോണോഗ്രാഫി, ലൈംഗി അതിക്രമങ്ങള്‍, ഭീകരവാദം എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ കണ്ടെത്താനും, അത് സര്‍ക്കാറിനെ അറിയിക്കാനുമാണ് സൈബര്‍ വളണ്ടിയര്‍മാരെ തേടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലാണ് ഈ പദ്ധതി വരുന്നതെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യഘട്ടത്തില്‍ ഇതിന്‍റെ പൈലറ്റ് പദ്ധതി ജമ്മു കശ്മീരിലും ത്രിപുരയിലും നടപ്പിലാക്കി. ഇതിന്‍റെ ഫലങ്ങള്‍ വീക്ഷിച്ച് രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതി പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്‍റര്‍ ആയിരിക്കും നോഡല്‍ പോയന്‍റ് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചേരാന്‍ ഒരു വളണ്ടിയറും അവരുടെ സംസ്ഥാനത്തോ, കേന്ദ്രഭരണ പ്രദേശത്തോ റജിസ്ട്രര്‍ ചെയ്യേണ്ടിവരും. 

വളണ്ടിയര്‍മാരെ നിയോഗിക്കുന്നത് അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും. റജിസ്ട്രേഷന്‍ സമയത്ത് പേര്, അച്ഛന്‍റെ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മുതലുള്ള എല്ലാ കാര്യങ്ങളും രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കും.

തങ്ങള്‍ക്ക് ലഭിക്കുന്ന ദൗത്യം സംബന്ധിച്ച് രഹസ്യാത്മകത ഒരോ വളണ്ടിയറും കാണിക്കണമെന്നും. അല്ലാത്ത പക്ഷം അയാള്‍ക്കെതിരെ നിയമനടപടി എടുക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് കഴിയുമെന്നും പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നത്. അതേ സമയം പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ സംബന്ധിച്ച ഇ-മെയില്‍ അന്വേഷണത്തില്‍ ആഭ്യന്തര മന്ത്രാലയം മറുപടി തന്നില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത വ്യക്തമാക്കുന്നു.

അതേ സമയം ഈ പദ്ധതി പ്രകാരം ഒരോ സൈബര്‍ വളണ്ടിയറുടെയും ദൌത്യങ്ങള്‍ എന്താണെന്ന് ഇപ്പോഴും അവ്യക്തമായി തുടരുന്നു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ തന്നെ ഒരു വളണ്ടിയര്‍ ഏത് അടിസ്ഥാനത്തില്‍ ഒരു പോസ്റ്റ് 'രാജ്യവിരുദ്ധമാകും' എന്ന് നിഗമനത്തിലെത്തി റിപ്പോര്‍ട്ട് ചെയ്യും എന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമ വ്യക്തത പുതിയ പദ്ധതിക്ക് ആവശ്യമാണെന്ന അഭിപ്രായം ഉയരുന്നുണ്ട്. യുഎപിഎ പ്രയോഗിക്കുക,കരുതല്‍ തടങ്കലില്‍ ഇടുക എന്നിങ്ങനെയല്ലാതെ സൈബര്‍ ലോകത്ത് രാജ്യവിരുദ്ധ കണ്ടന്‍റ് എന്നതിന് പ്രത്യേക നിയമചട്ടക്കൂട് ഉണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.