Asianet News MalayalamAsianet News Malayalam

ബിഎസ്എന്‍എല്‍ വില്‍ക്കില്ല, പുതിയ പാക്കേജുകള്‍ ഉടനെന്ന് സര്‍ക്കാര്‍

നാല് വഴികളുള്ള പുനരുജ്ജീവന പദ്ധതി അവതരിപ്പിക്കുന്നതിലൂടെ, ഈ ടെലികോം കമ്പനികളെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നിലവിലെ കണക്കനുസരിച്ച് 14,000 കോടി രൂപയാണ് ശമ്പള ബില്‍. 

Govt says it will not sell BSNL and MTNL will try to revive them
Author
New Delhi, First Published Mar 15, 2020, 11:15 AM IST

ദില്ലി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികളായ ഭാരതീയ സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍), മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) വില്‍ക്കാനോ സ്വകാര്യവല്‍ക്കരിക്കാനോ സര്‍ക്കാരിന് പദ്ധതിയില്ല. ഈ രണ്ട് ടെലികോം കമ്പനികളെ വില്‍ക്കാന്‍ പദ്ധതിയില്ലെന്ന് മന്ത്രി സഞ്ജയ് ധോത്രയാണ് രാജ്യസഭയില്‍ വെളിപ്പെടുത്തിയത്. കമ്പനികള്‍ സര്‍ക്കാരിനു കനത്ത നഷ്ടമാണ് ഇപ്പോള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്.

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയുമായി മത്സരിക്കാന്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നിലവില്‍ ബുദ്ധിമുട്ടുന്നുണ്ട്. കഴിഞ്ഞ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്ലിന്റെ നഷ്ടം 2.5 മടങ്ങ് വര്‍ദ്ധിച്ച് 38,089 കോടി രൂപയായി. നഷ്ടം സൃഷ്ടിക്കുന്ന കമ്പനികള്‍ക്കായി പുതിയൊരു പുനരുജ്ജീവന പാക്കേജ് സര്‍ക്കാരിനു അവതരിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും പുനരുജ്ജീവന പാക്കേജിനൊപ്പം ഒരു സന്നദ്ധ വിരമിക്കല്‍ പദ്ധതിയും (വിആര്‍എസ്) സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് ജീവനക്കാര്‍, പ്രത്യേകിച്ചും ബിഎസ്എന്‍എല്ലില്‍ നിന്നുള്ളവര്‍ ഇതിനകം വിആര്‍എസ് എടുത്തിട്ടുണ്ട്. ഇത് കമ്പനികളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ സഹായിക്കും. വിആര്‍എസിലൂടെ 8,800 കോടി രൂപ ലാഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 80,000 ബിഎസ്എന്‍എല്‍ ജീവനക്കാരും 14,000 എംടിഎന്‍എല്‍ ജീവനക്കാരും വിആര്‍എസ് തിരഞ്ഞെടുത്തു.

പുതിയ, നാല് വഴികളുള്ള പുനരുജ്ജീവന പദ്ധതി അവതരിപ്പിക്കുന്നതിലൂടെ, ഈ ടെലികോം കമ്പനികളെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നിലവിലെ കണക്കനുസരിച്ച് 14,000 കോടി രൂപയാണ് ശമ്പള ബില്‍. ജീവനക്കാര്‍ വിആര്‍എസ് തിരഞ്ഞെടുത്തതിനുശേഷം ഇത് കുറയും. അതേസമയം, രണ്ട് ടെലികോം കമ്പനികളിലും ജീവനക്കാരുടെ പ്രതിഷേധം ശക്തമാണ്. സമരം ചെയ്യുന്ന ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ജീവനക്കാര്‍ക്ക് പ്രയോജനകരമായ നാല് പുനരുജ്ജീവന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നഷ്ടം സൃഷ്ടിക്കുന്ന ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പ്രവര്‍ത്തനം തുടരാനും നഷ്ട സാധ്യത കുറക്കാനും ഇതോടെ കഴിയുമെന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്തു.

പരമാധികാര ബോണ്ടുകള്‍ നല്‍കി ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനുമായി 15,000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 38,000 കോടി രൂപയുടെ ആസ്തി വിറ്റഴിക്കുന്നതിലൂടെ നാലുവര്‍ഷത്തേക്ക് ധനസമ്പാദനം നടത്താനും പദ്ധതിയിടുന്നു. ഇതുകൂടാതെ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവ വിപണിയില്‍ മത്സരാധിഷ്ഠിതമാക്കുന്നതിന്, 4 ജി സ്‌പെക്ട്രം അവര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് ജീവനക്കാര്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. 2016 ലെ അടിസ്ഥാന വിലകളോടെ ഇത് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios