ഗാന്ധിനഗര്‍: ഗുജറാത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്ത്  മുന്‍പ് പുറത്തുവന്ന ഹാര്‍ദ്ദിക്ക് പട്ടേലിന്‍റെതെന്ന് കരുതുന്ന സെക്സ് വീഡിയോ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പട്ടേല്‍ പ്രക്ഷോഭത്തിലൂടെ നേതാവായ ഹാര്‍ദ്ദിക്ക് കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗമായത്. 

ഞങ്ങളുടെ പുതിയ നേതാവിന് സ്വാഗതം എന്ന് പറഞ്ഞാണ് സൈറ്റില്‍ വീഡിയോ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച വീഡിയോ ആണ് ഇപ്പോള്‍ സൈറ്റില്‍ എത്തിയിരിക്കുന്നത്. ഗുജറാത്ത് കോണ്‍ഗ്രസിന്‍റെ http://www.gujaratcongress.in എന്ന സൈറ്റാണ് വെള്ളിയാഴ്ച വൈകീട്ടോടെ ഹാക്ക് ചെയ്യാപ്പെട്ടത് എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ഈ വീഡിയോ സംബന്ധിച്ച് ഹാര്‍ദ്ദിക് പട്ടേല്‍ പ്രതികരിച്ചിരുന്നു. ഇത് തീര്‍ത്തും വ്യാജവും, കെട്ടിചമച്ചതുമാണ് എന്നാണ് ഹാര്‍ദ്ദിക്കിന്‍റെ അവകാശവാദം. ഇതിന് പിന്നില്‍ ബിജെപിയാണെന്നും 25 വയസുള്ള പട്ടേല്‍ നേതാവ് ആരോപിക്കുന്നു. നേരത്തെ സംവരണത്തിനായി സമരം ചെയ്ത പട്ടേല്‍ വിഭാഗത്തിന്‍റെ നേതാവായി ഉയര്‍ന്നു വന്ന വ്യക്തിയാണ് ഹാര്‍ദ്ദിക്.

സൈറ്റ് പിന്നീട് ഐടി വിഭാഗം ഡൗണ്‍ ചെയ്ത് വച്ചു. സൈറ്റ് ഉടന്‍ തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നത്. അതേ സമയം ഈ മാസം അഞ്ചാം തീയതിയാണ് ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ www.bjp.org ഹാക്കർമാർ തകർത്തത്. വെബ്സൈറ്റിന്‍റെ ഹോം പേജ് വികൃതമാക്കുന്ന ഹാക്കർമാരുടെ സ്ഥിരം അടവ് മാത്രമാണെന്നും ഉടൻ സൈറ്റ് പൂർവ്വ സ്ഥിതിയിലാകും എന്നും കരുതിയവർക്ക് തെറ്റി. ഹാക്കർമാർ പണികൊടുത്തിട്ട് ദിവസം പത്ത് കഴിഞ്ഞിട്ടും ഇനിയും വെബ്സൈറ്റ് തിരിച്ചു കൊണ്ടു വരാൻ ബിജെപി ഐടി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല.