ദില്ലി: മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോ മീറ്റ് കഴിഞ്ഞ ദിവസങ്ങളിലാണ് തങ്ങളുടെ വിഡിയോ കോളിങ് ആപ് ജിയോ മീറ്റ് അവതരിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ കാലത്ത് രാജ്യത്ത് ജനപ്രിയമായ സൂം ആപ്പിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക എന്നാണ് കരുതിയിരുന്നത്. എന്നാല്‍ സൂം ആപ്പുമായി ജിയോ മീറ്റിനുള്ള സാമ്യം ഏറെ ചര്‍ച്ചയായി. ഇത് തനി കോപ്പിയടിയാണ് എന്ന് പോലും വലിയ വിമര്‍ശനം ഉയര്‍ന്നു.

ഇതില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് സൂം. ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ജനപ്രിയമായ വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പാണ് സൂം.  സ്വകാര്യത പ്രശ്‌നങ്ങളടക്കം സൂമിനെതിരെ ആരോപണങ്ങള്‍ ഏറെയാണെങ്കിലും ഇതിന്‍റെ സേവനം ഇപ്പോഴും ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരെ ഉപയോഗിക്കുന്നുണ്ട്. 

ഇപ്പോള്‍ ജിയോ മീറ്റും സൂം ആപ്പും തമ്മില്‍ ആദ്യകാഴ്ചയില്‍ തന്നെ സാമ്യതയുണ്ടെന്ന വാര്‍ത്തയോട് സൂം വിഡിയോ കമ്യൂണിക്കേഷന്‍സിന്റെ ഇന്ത്യന്‍ മേധാവി സമീര്‍ രാജെ പ്രതികരിച്ചത് ഇങ്ങനെയാണ്.  ജിയോ വീഡിയോ കോളിംഗ് ആപ്പ് വരുന്നു എന്നത് തങ്ങള്‍ക്കറിയാമായിരുന്നു. അതു നല്ലതാണ്, ഇതാദ്യമായി ഒന്നുമല്ല സൂം എതിരാളികളെ കാണുന്നത്. തങ്ങളുടെ ശക്തി തങ്ങളുടെ പ്രൊഡക്ടുകളാണ്. തങ്ങളുടെ എതിരാളികള്‍ എന്തു ചെയ്യുന്നുവെന്നത് അവരുടെ തന്ത്രത്തിന്റെ ഭാഗമാണ്.

പക്ഷെ മീറ്റ് പരിശോധിച്ചപ്പോള്‍ ഞങ്ങളുടെ പ്രോഡക്ടുമായുള്ള താരതമ്യം ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ഇതേക്കുറിച്ച് തങ്ങളുടെ നിയമ വിഭാഗം പഠിച്ചുവരികയാണ്. വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കും ഇതിനുള്ള ചര്‍ച്ചകള്‍ സജീവമാണ്. 

ഞങ്ങളുടെ ഫീച്ചറുകള്‍ ഇന്ത്യന്‍ കമ്പനികള്‍ കോപ്പിയടിച്ചതിന് പിന്നാലെ, തങ്ങള്‍ ചൈനീസ് കമ്പനിയാണെന്ന പ്രചാരണവും അഴിച്ചുവിട്ടിരിക്കുകയാണ്. സൂം ഒരു അമേരിക്കന്‍ കമ്പനിയാണ്. നാസ്ഡാസ്‌കില്‍ തങ്ങളുടെ ഓഹരികള്‍ ട്രെയ്ഡു ചെയ്യപ്പെടുന്നു. തങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ രണ്ടു ഡേറ്റാ ശേഖരണ കേന്ദ്രങ്ങളുണ്ട്.