ചെന്നൈ: ഇന്ത്യ- സിംഗപ്പൂര്‍ ഹാക്കത്തോണിന്‍റെ സമാപന ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആകര്‍ഷിച്ചത് ഒരു ക്യാമറ. ഒരു സദസില്‍ ഇരിക്കുന്നവരില്‍ ശ്രദ്ധിക്കാതെ ഇരിക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന ക്യാമറയാണ് പ്രധാനമന്ത്രി മോദിയെ ആകര്‍ഷിച്ചത്. ഹാക്കത്തോണില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളാണ് ഇത് വികസിപ്പിച്ചത്. ക്യാമറ കണ്ടപ്പോള്‍ ഇതിനെക്കുറിച്ച് മോദി പറഞ്ഞത് ഇങ്ങനെ.

എന്‍റെ യുവ സുഹൃത്തുക്കളെ, വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധിച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള ക്യാമറ എനിക്ക് ഇഷ്ടമായി, ഞാന്‍ പാര്‍ലമെന്‍റിലെ സ്പീക്കറോട് ഇതിനെക്കുറിച്ച് സംസാരിക്കാം. പാര്‍ലമെന്‍റില്‍ ഇത് വളരെ ഉപകാരപ്രഥമായിരിക്കും. 

ഈ ഹാക്കത്തോണ്‍ നാളെയ്ക്കുള്ള കണ്ടെത്തലുകളാണ് നടത്തുന്നത് എന്നും മോദി സൂചിപ്പിച്ചു. സിംഗപ്പൂര്‍ സര്‍ക്കാറിന്‍റെ സഹകരണത്തോടെയാണ് കേന്ദ്ര മാനവവിഭവ മന്ത്രാലയം സംഘടിപ്പിച്ച ഗവേഷണ പ്രദര്‍ശന പരിപാടിയാണ് ഹാക്കത്തോണ്‍. ഇന്ത്യയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമുള്ള 20 ടീമുകള്‍ പങ്കെടുത്തു. ഇതില്‍ നിന്നും നാലു ടീമുകളെയാണ് വിജയികളായി പ്രഖ്യാപിച്ചത്. മറ്റുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനവും പ്രധാനമന്ത്രി നല്‍കി.