Asianet News MalayalamAsianet News Malayalam

ഒരു രാജ്യം മൊത്തം 11 മണിക്കൂര്‍‍ ഇന്‍റര്‍നെറ്റ് കട്ട്; കാരണം ഈ മുത്തശ്ശി.!

അര്‍മീനിയ എന്ന യൂറോപ്യന്‍ രാജ്യത്തിലെ മുഴുവന്‍‍ ഇന്‍റര്‍‍നെറ്റ് സംവിധാനയും മണിക്കൂറുകളോളം സ്തംഭിച്ച സംഭവമാണ് 2011 ല്‍ ഉണ്ടായത്. 

How one old woman cut off the internet for an entire Armenia
Author
Armenia, First Published Oct 7, 2021, 5:57 PM IST

ഫേസ്ബുക്കും വാട്ട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഒക്കെ ഒരു രാത്രി ഒറ്റയടിക്ക് മണിക്കൂറുകളോളം പോയപ്പോള്‍ ശരിക്കും ലോകം ഒന്ന് ഞെട്ടി. മണിക്കൂറുകളുടെ അദ്ധ്വാനം തന്നെ വേണ്ടിവന്നു മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ കമ്പനിക്ക് വീണ്ടും ഒന്ന് പൊക്കിക്കൊണ്ടുവരാന്‍. ഇത്തരത്തിലുള്ള ബ്ലാക്ക് ഔട്ടുകളുടെ (Black Out) ചരിത്രം കൂടിയാണ് ഇത്തരം സമയങ്ങളില്‍ പരിശോധിക്കേണ്ടത്. 2011 ല്‍ യൂറോപ്പിലെ മൂന്നിലേറെ രാജ്യങ്ങളില്‍ ഇന്‍റര്‍നെറ്റ് (Internet) കിട്ടാതാക്കിയത് ഒരു മുത്തശ്ശിയാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഇന്‍റര്‍നെറ്റ് ബ്ലാക്ക്ഔട്ടിന്‍റെ രസകരമായ സംഭവമാണ് ഇത്.

അര്‍മീനിയ എന്ന യൂറോപ്യന്‍ രാജ്യത്തിലെ മുഴുവന്‍‍ ഇന്‍റര്‍‍നെറ്റ് സംവിധാനയും മണിക്കൂറുകളോളം സ്തംഭിച്ച സംഭവമാണ് 2011 ല്‍ ഉണ്ടായത്. കാരണമായത് അയല്‍രാജ്യമായ ജോര്‍ജിയലിലെ അര്‍മാസി എന്ന ഗ്രാമത്തില്‍ താമസിച്ചിരുന്ന അന്ന് എഴുപത്തിരണ്ടുകാരിയായ ഹായസ്റ്റാന്‍ ഷക്കാറിയാന്‍ എന്ന വൃദ്ധയും. 

ജോര്‍ജിയന്‍ തലസ്ഥാനമായ ടിബ്ലിസിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയായിരുന്നു അര്‍മാസി ഗ്രാമം. ഇവിടെ മുന്‍പ് നഗരത്തിലെ പഴയ സാധനങ്ങള്‍ ഏറെ നിക്ഷേപിക്കപ്പെട്ടിരുന്നതിനാല്‍ പഴയ ഉരുക്ക് സാധാനങ്ങള്‍ക്കായി ജനങ്ങള്‍ മണ്ണില്‍ കുഴിയെടുത്ത് നോക്കുന്നത് പതിവായിരുന്നു. ഇതിലൂടെ വല്ല തകര സാധാനങ്ങളും ലഭിച്ചാല്‍ അത് വില്‍ക്കും. ഇത്തരത്തില്‍ തന്റെ മണ്‍വെട്ടികൊണ്ട് കുഴിച്ച് നോക്കിയതാണ് ഹായസ്റ്റാന്‍ മുത്തശ്ശി.

മണ്‍വെട്ടികൊണ്ട് ആഞ്ഞ് കുഴിച്ചപ്പോള്‍ മുറിഞ്ഞത് 12.6 ടെറാബൈറ്റ് ഡാറ്റ പോകുന്ന ജോര്‍ജിയന്‍ കോകസസ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍. ജോര്‍ജിയയില്‍ നിന്നും അര്‍‍മീനിയ അസര്‍ബൈജന്‍ രാജ്യങ്ങളില്‍ ഇന്‍റര്‍നെറ്റ് എത്തിക്കുന്ന കേബിള്‍ ശൃംഖലയുടെ ഭാഗമായിരുന്നു അത്. അര്‍മീനിയയില്‍ ഇതോടെ ഇന്‍റര്‍നെറ്റ് നിലച്ചു. ഫലം ഭീകരമായിരുന്നു. ബാങ്കിംഗ് സേവനങ്ങള്‍, ട്രെയിന്‍‍ ഗതാഗതം, ടിവി നെറ്റ്വര്‍ക്കുകള്‍ പല അടിയന്തര സേവനങ്ങളെയും ഇത് ബാധിച്ചു. ജോര്‍ജിയയിലും, അസര്‍ബൈജാനിലും ഭാഗികമായി ഇന്‍റര്‍നെറ്റ് സേവനം തടസ്സപ്പെട്ടു. 

രാജ്യങ്ങളും, കേബിള്‍ ഉടമകളായ ജോര്‍ജിയന്‍ ടെലികോമും കാര്യമാറിയാതെ നെട്ടോടം ഓടി, ഒടുക്കം മണിക്കൂറുകള്‍ക്ക് ശേഷം മുത്തശ്ശിയുടെ കുഴിയെടുപ്പിലാണ് കേബിളിന് കേടുപാട് പറ്റിയതെന്ന് കണ്ടെത്തി. വീണ്ടും ഇന്‍റര്‍നെറ്റ് വരാന്‍ 11 മണിക്കൂറാണ് എടുത്തത്. അതേ സമയം ഹായസ്റ്റാന്‍ മുത്തശ്ശിയെ കേബിള്‍ നശീകരണത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വന്ന പൊലീസുകാരോട് മുത്തശ്ശി ഒന്നെ തിരിച്ചുചോദിച്ചുള്ളൂ, എന്താണ് മക്കളെ ഈ ഇന്‍റര്‍നെറ്റ്?. 

Follow Us:
Download App:
  • android
  • ios