ബിയജിംഗ്: നിലവിൽ വാവേയുടെ പുതിയ ഫോണുകൾക്ക് ഗൂഗിളിന്‍റെ  ആൻഡ്രോയിഡ് ഒഎസ് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. അതിനാല്‍ തന്നെ തങ്ങളുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുകയാണ് ചൈനീസ് ടെക് ഭീമന്മാരായ വാവേയ്.  പി സീരിസും മെയ്റ്റ് സീരിസും കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളാണ്.  പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്തതായി ഇറങ്ങാന്‍ പോകുന്ന മെയ്റ്റ് 30 സീരിസ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി എത്തിയേക്കും. 

ഒക്ടോബറിലാണ് ഈ മോഡല്‍ അവതരിപ്പിക്കാന്‍ സാധ്യത. ഹോങ്മെങ് എന്നായിരിക്കാം പുതിയ ഒഎസിന്‍റെ പേര് എന്നാണ് സൂചന.
വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ ഭയക്കണമെന്ന് ആൻഡ്രോയിഡ് നിർമാതാക്കളായ ഗൂഗിള്‍  മുന്നറിയിപ്പ് നല്‍കി. ആൻഡ്രോയിഡിന് പകരം ചൈനീസ് ഒഎസുകൾ വന്നാൽ ഏറ്റവും വലിയ വെല്ലുവിളി അമേരിക്കയ്ക്ക് തന്നെയായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. 

ലോകത്തെ 85 ശതമാനത്തിലേറെ സ്മാര്‍ട് ഫോണുകളും നിലവില്‍ ആന്‍ഡ്രോയിഡിലാണ്  പ്രവര്‍ത്തിക്കുന്നത്. 14 ശതമാനത്തിലേറെയാണ് ആപ്പിള്‍ ഐഒഎസിന്റെ വിഹിതം. ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ആപ്പിള്‍ മാത്രം ആണ് നിര്‍മിക്കുന്നത്. ആന്‍ഡ്രോയിഡ് വാഹികളായ ഹാന്‍ഡ്‌സെറ്റുകള്‍ സാംസങും വാവെയും ഷവോമിയുമടക്കമുളള വിവിധ കമ്പനികള്‍ നിര്‍മിക്കുന്നു. 

ഇവയില്‍ പല കമ്പനികളും ചൈനീസ് ഉടമസ്ഥരുടെ കീഴിലാണ്. ഭാവിയില്‍ ഇവ പുതിയ ഒഎസിലേക്ക് മാറുമോ എന്ന് ഗൂഗിള്‍ ഭയപ്പെടുന്നു. അമേരിക്കയുടെ സുരക്ഷയ്ക്ക് വൻ ഭീഷണി സൃഷ്ടിക്കാൻ വാവെയ് ഒഎസുകൾക്ക് സാധിക്കും. ഇതൊഴിവാക്കാൻ ആൻഡ്രോയിഡ് വിലക്ക് നീക്കണം. ആൻഡ്രോയിഡിനു പകരം വരുന്ന ഏതൊരു ചൈനീസ് ഓപ്പറേറ്റിങ് സിസ്റ്റം ലോകത്ത് എവിടെ അവതരിപ്പിച്ചാലും ഭീഷണി അമേരിക്കയ്ക്ക് തന്നെയായിരിക്കുമെന്നാണ് ഗൂഗിളിന്റെ വാദം.  ഓക് ഒഎസില്‍ ഗൂഗിള്‍ ആപ്പുകള്‍ കാണില്ല.  

അവ ഉപയോക്താവിന് വേണമെങ്കില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുകയും ചെയ്യാം. ഇതാണ് ഗൂഗിൾ ഭയപ്പെടുന്നത്. അതിനാല്‍ വാവെയുടെ വിലക്ക് എത്രയും വേഗം പിന്‍വലിപ്പിക്കാനായി ഗൂഗിള്‍ കാര്യമായ പരിശ്രമത്തിലാണ്. ചൈനീസ് സർക്കാരുമായി അടുത്തു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വാവെയ് എന്ന് ആരോപണമുണ്ട്. അതുകൊണ്ടു തന്നെ മറ്റു ചൈനീസ് നിര്‍മാതാക്കളോടും വാവെയുടെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു ഫോണ്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടേക്കാം.

അതേ സമയം ഗൂഗിളിനെ ഞെട്ടിച്ച് പുതിയ വാര്‍ത്തയും പുറത്തുവന്നു.  വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനെക്കാള്‍ 60% വേഗമുണ്ടെന്ന് റിപ്പോര്‍ട്ട്. മറ്റ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളുടെ റിപ്പോര്‍ട്ടിലാണ് ഹോങ്മെങ് ഒഎസിന് ആന്‍ഡ്രോയിഡിനേക്കാള്‍ വേഗത കൂടുതലാണെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.