ലേ: ലഡാക്ക് മേഖലയിലെ പര്‍വ്വത പ്രദേശങ്ങളില്‍ രാത്രികാലങ്ങളിലും മിഗ് വിമാനങ്ങളെ പറത്താന്‍ സാധിക്കുമെന്ന് തെളിയിച്ച് ഇന്ത്യന്‍ വ്യോമസേന. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് തെളിയിക്കുന്ന ടെസ്റ്റ് ഫ്ലൈറ്റ് ഇന്ത്യന്‍ വായുസേന ലേയില്‍ നടത്തി.രാത്രിയില്‍ ലേയില്‍ നിന്നും മിഗ് 29 പോര്‍വിമാനങ്ങള്‍ പറന്നുയരുന്നത് മേല്‍ക്കൈ നല്‍കുമെന്നാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിലയിരുത്തല്‍.

അത്യാധുനിക ഉപകരണങ്ങള്‍ക്കൊപ്പം പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരുമാണ് മിഗ് 29ന്റെ ലേയില്‍ നിന്നുള്ള രാത്രി പറക്കല്‍ സാധ്യമാക്കുക. പോര്‍വിമാനങ്ങള്‍ക്കായി ലേയില്‍ താല്‍ക്കാലിക വ്യോമതാവളമാണ് വ്യോമസേനയ്ക്ക് ഉള്ളതെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യയുടെ തന്ത്രപ്രധാന സൈനിക കേന്ദ്രമായ ഇത് മാറിയേക്കും. ഈ സമയം 24 മണിക്കൂറും പോര്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ സാധിക്കുന്ന ശേഷിയാണ് വായുസേന കരസ്ഥമാക്കുന്നത്. ഇത് ഈ മേഖലയില്‍ വായുസേനയുടെ നിര്‍ണ്ണായക മുന്നേറ്റമാണ്.

ലേയില്‍ ഇപ്പോള്‍ മിഗ് 29 പോര്‍വിമാനങ്ങള്‍ സ്ഥിരമായി നിലയുറപ്പിച്ചേക്കും എന്നാണ് സേന വൃത്തങ്ങള്‍ പറയുന്നത്. ഇത് മേഖലയിലെ കൂടുതല്‍ വിശദമായ ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കാനും അതുവഴി വ്യക്തതയോടെ രാത്രിയിലെ സൈനിക നീക്കങ്ങള്‍ നടത്താനും സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ലേയിലും ലഡാക്കിലും സുഖോയ് 30എസ് പോര്‍ വിമാനങ്ങള്‍ ഇപ്പോള്‍ തന്നെ നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇവ ലേയില്‍ നിന്നല്ല പറന്നുയരുന്നത്. അപ്പാഷെ, ചിനൂക് ഹെലികോപ്റ്ററുകളും സമാനമായ രീതിയില്‍ മേഖലയില്‍ നിരീക്ഷണ പറക്കലുകള്‍ നടത്താറുണ്ട്. 

മിഗ് 29ന്‍റെ ലേയില്‍ നിന്നുള്ള  നിരീക്ഷണപറക്കല്‍ ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാകും. രാത്രിയിലെ സൈനിക നീക്കം വലിയ മുന്‍തൂക്കമാണ് ആധുനിക വ്യോമ മുന്നേറ്റങ്ങളില്‍ കല്‍പ്പിക്കുന്നത്. ശത്രുക്കളുടെ നിരീക്ഷണം താരതമ്യേന കുറവായിരിക്കുമെന്നതാണ് ഇതിന്‍റെ ഒരു കാരണം. ഇന്ത്യയുടെ പാകിസ്ഥാന്‍ ഭീകര കേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണവും ഇത്തരം ഒരു നീക്കമാണ്.

 അപ്രതീക്ഷിത നീക്കത്തിലൂടെ ശത്രുക്കളെ അമ്പരപ്പിക്കാമെന്നതും അനുകൂലഘടകമായി വിലയിരുത്തപ്പെടുന്നത്. റഡാറുകളില്‍ വിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിയാമെങ്കില്‍ പോലും രാത്രിയുടെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.