ദില്ലി: 2019 വര്‍ഷത്തില്‍ ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച 10 ഹാഷ്ടാഗുകള്‍ പുറത്ത് വിട്ട് ട്വിറ്റര്‍ ഇന്ത്യ. 2019 അവസാനിക്കുന്നതിന്‍റെ ഭാഗമായി ട്വിറ്റര്‍ നടത്തുന്ന #ThisHappened2019 എന്ന ക്യാംപെയിന്‍റെ ഭാഗമായാണ് ട്വിറ്റര്‍ ഹാഷ്ടാഗുകള്‍ പുറത്തിറക്കിയത്.

2019 ലെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവമായ ലോക്സഭ തെരഞ്ഞെടുപ്പ് തന്നെയാണ് ഹാഷ്ടാഗുകളില്‍ ഒന്നാമത് എത്തിയത്. #Loksabhaelection2019 എന്ന ഹാഷ്ടാഗാണ് കഴിഞ്ഞകൊല്ലം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ചാന്ദ്രയാനും ഹാഷ്ടാഗുകളില്‍ നിറഞ്ഞു. ട്രെന്‍റിംഗില്‍ രണ്ടാമത് #Chandrayaan2 ആണ്. ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ട #CWC19 ആണ് മൂന്നാമത്. പുല്‍വാമ വ്യോമാക്രമണവുമായി ബന്ധപ്പെട്ട #Pulwama നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്ത് #article370 ആണ്.

അതേ സമയം ദേശീയ വിഷയം അല്ലാത്ത ലിസ്റ്റിലെ ആദ്യത്തെ വിനോദവുമായി ബന്ധപ്പെട്ട ഹാഷ്ടാഗാണ് ആറാമത്. വിജയ് ചിത്രമായ ബിഗിലിനെ സൂചിപ്പിക്കുന്ന #bigil എന്ന ഹാഷ്ടാഗാണ് ആറാംസ്ഥാനത്ത്. ഈ ലിസ്റ്റില്‍ ദക്ഷിണേന്ത്യയുമായി ബന്ധപ്പെട്ട എക വിഷയവും ഇതാണ്. 

ഏഴാം സ്ഥാനത്ത് ദീപാവലിയാണ് ഇതുമായി ബന്ധപ്പെട്ട #diwali എന്ന ഹാഷ്ടാഗാണ് നില്‍ക്കുന്നത്. ഹോളിവുഡ് ചലച്ചിത്രം അവഞ്ചേര്‍സ് എന്‍ഡ് ഗെയിമുമായി ബന്ധപ്പെട്ടുള്ള #Avengersendgame ആണ് എട്ടാം സ്ഥാനത്ത്. നവംബറില്‍ വന്ന അയോദ്യകേസ് വിധിയുമായി ബന്ധപ്പെട്ട #Ayodhyaverdict ആണ് ഒന്‍പതാം സ്ഥാനത്ത്. പത്താം സ്ഥാനത്ത് ഈദുമായി ബന്ധപ്പെട്ട ആശംസയായ #Eidmubarak ആണ്.