ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ട് നേരത്തെ അയച്ചിരുന്ന സന്ദേശങ്ങളോട് ജീവനക്കാര്‍ വേണ്ടത്ര ഗൗരവത്തില്‍ പ്രതികരിക്കാതിരുന്നതിലുള്ള അതൃപ്തിയും ഇപ്പോഴത്തെ മെയിലിലുണ്ട്. 

ബംഗളുരു: ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ജീവനക്കാര്‍ ഓഫിസില്‍ വന്ന് ജോലി ചെയ്യണമെന്ന് പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ്. കൊവിഡ് കാലത്ത് തുടങ്ങിയ വ്യാപക വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസിലേക്ക് മടങ്ങണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ജീവനക്കാര്‍ കാര്യമായി പ്രതികരിക്കാതിരുന്നതോടെ ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ എത്തേണ്ടത് നിര്‍ബന്ധമാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും കൂടുതല്‍ സമയം ജോലി ചെയ്യേണ്ടതിന്റെ ആവശ്യക സംബന്ധിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ഇന്‍ഫോസിസിന്റെ നീക്കമെന്നതും ശ്രദ്ധ നേടുകയാണ്.

"ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ദയവായി ഓഫീസിലെത്തൂ, അത് ഉടനെ നിര്‍ബന്ധമായി മാറുകയാണ്" എന്നാണ് ജീവനക്കാര്‍ക്ക് അതത് വിഭാഗങ്ങളുടെ ചുമതലകള്‍ വഹിക്കുന്നവരില്‍ നിന്ന് ലഭിച്ച സന്ദേശങ്ങള്‍. എന്നാല്‍ ജീവനക്കാരെ തിരിച്ചുവിളിക്കുന്നത് സംബന്ധിച്ച് ഇന്‍ഫോസിസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ട് നേരത്തെ അയച്ചിരുന്ന സന്ദേശങ്ങളോട് ജീവനക്കാര്‍ വേണ്ടത്ര ഗൗരവത്തില്‍ പ്രതികരിക്കാതിരുന്നതിലുള്ള അതൃപ്തിയും ഇപ്പോഴത്തെ മെയിലിലുണ്ട്. കൊവിഡ് വ്യാപന കാലത്ത് ആരംഭിച്ച് മൂന്ന് വര്‍ഷം നീണ്ടു നിന്ന വര്‍ക്ക് ഫ്രം ഹോം അത്യാവശ്യം നീണ്ട കാലയളവായിരുന്നുവെന്നും ആരോഗ്യപരമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ ജീവനക്കാര്‍ ഓഫീസില്‍ വന്ന് ജോലി ചെയ്ത് തുടങ്ങണമെന്നും അറിയിപ്പില്‍ വിശദീകരിക്കുന്നു.

അതേസമയം ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ജീവനക്കാരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ ഓരോന്നായി പ്രത്യേകം പ്രത്യേകം പരിഗണിക്കുമെന്നും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇന്‍ഫോസിസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ജീവനക്കാര്‍ മൂന്ന് ദിവസം ഓഫീസിലെത്തുന്ന ഹൈബ്രിഡ് രീതിയിലേക്ക് മാറണമെന്ന് മറ്റൊരു പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ഈ ആവശ്യത്തോട് ജീവനക്കാരില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാവാത്തതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന ഓര്‍മപ്പെടുത്തലും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായി. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും ജീവനക്കാരെ ഓഫീസില്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...