ഇന്‍സ്റ്റഗ്രാം ഫീഡിന്‍റെ അടിയിലെ നാവിഗേഷന്‍ ബാറില്‍ ഇടത് വശത്ത് നിന്നും രണ്ടാമത്തെ മെനുവാക്കിയിരിക്കുകയാണ് റീല്‍സിനെ ഇന്‍സ്റ്റഗ്രാം.

ദില്ലി: ഇന്ത്യയില്‍ ടിക്ടോക് നിരോധിക്കപ്പെട്ട സമയത്ത് തന്നെയാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. ടിക്ടോക്കിന്‍റെ മോഡലില്‍ ചെറുവീഡിയോകള്‍ ചെയ്യാന്‍ സാധിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ഫീച്ചറാണ് റീല്‍സ്. ഇപ്പോള്‍ ഇതാ റീല്‍സ് എളുപ്പം എടുക്കാന്‍ സാധിക്കുന്ന ഇടത്തേക്ക് ഇന്‍സ്റ്റഗ്രാം അതിനെ മാറ്റിയിരിക്കുന്നു.

ഇന്‍സ്റ്റഗ്രാം ഫീഡിന്‍റെ അടിയിലെ നാവിഗേഷന്‍ ബാറില്‍ ഇടത് വശത്ത് നിന്നും രണ്ടാമത്തെ മെനുവാക്കിയിരിക്കുകയാണ് റീല്‍സിനെ ഇന്‍സ്റ്റഗ്രാം. ഇന്ത്യയില്‍ അടക്കം റീല്‍സിന് വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്താണ് ഇന്‍സ്റ്റഗ്രാമിന്‍റെ തീരുമാനം. ഇതേ സ്ഥലത്ത് മുന്‍പുണ്ടായിരുന്ന എക്സ് പ്ലോര്‍ ഓപ്ഷന്‍ ഇപ്പോള്‍ ഫീഡിന്‍റെ മുകളില്‍ വലത് ഭാഗത്ത് ഡയറക്ട് മെസേജിന് അടുത്തായി സ്ഥാപിച്ചിട്ടുണ്ട്.

റീല്‍സ് ഓപ്പണാകുമ്പോള്‍ തന്നെ വീഡിയോകള്‍ ഓട്ടോ പ്ലേയായി നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തും. വീഡിയോ ശബ്ദം മ്യൂട്ട് ചെയ്യാന്‍ വീഡിയോയില്‍ ഒന്ന് ടാപ്പ് ചെയ്താല്‍ മാത്രം മതി. ഇന്ത്യയിലാണ് ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിക്കുന്നത് എന്നാണ് ഫേസ്ബുക്ക് പാര്‍ട്ണര്‍ഷിപ്പ് ഇന്ത്യ ഹെഡും ഡയറക്ടറുമായ മനീഷ് ചോപ്ര പറയുന്നു. 

ടിക് ടോക് പോലെയോ മറ്റെത് ചെറുവീഡിയോ നിര്‍മ്മാണ ആപ്പുപോലെയോ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇന്‍സ്റ്റഗ്രാം റീല്‍സ്. ഇതില്‍ നിരവധി ഫില്‍ട്ടറുകളും, ഓഡിയോ ആഡ് ചെയ്യാനും ഉപയോക്താവിന് സാധിക്കും.