മുംബൈ: കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തല്‍, സിം കാര്‍ഡിന്റെ ഹോം ഡെലിവറി, സൈബര്‍ തട്ടിപ്പ് തടയല്‍ എന്നിങ്ങനെ മൂന്ന് സുപ്രധാന നടപടികള്‍ സ്വീകരിച്ചിരിക്കുന്നു. എയര്‍ടെല്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (ഇന്ത്യ, ദക്ഷിണേഷ്യ) ഗോപാല്‍ വിത്തൽ ഉപഭോക്താക്കളെ അഭിസംബോധന ചെയ്യുന്ന കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

സ്പര്‍ശന രഹിതമായി സിമ്മുകള്‍ ഇനി വീട്ടിലെത്തിക്കും, സുരക്ഷാ കാര്യങ്ങളില്‍ ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നുണ്ടെന്നും ഇവയോടൊപ്പം ഉപഭോക്താക്കള്‍ക്ക് വീടിന്റെ സുരക്ഷിതത്വത്തില്‍ ഓണ്‍ലൈനായി അനായാസം പണമിടപാടുകള്‍ ഇനി നടത്താമെന്നും വിറ്റല്‍ പറയുന്നു. വരും മാസങ്ങളില്‍ ഇന്‍ഡോര്‍ കവറേജ് മെച്ചപ്പെടുത്തുന്നതിനായി 18,000 കോടി രൂപയുടെ സ്‌പെക്ട്രവും എയര്‍ടെല്‍ വാങ്ങിയിട്ടുണ്ട്. ഉപയോഗം കൂടുമ്പോഴും അനുഭവം മെച്ചപ്പെടുത്തുന്നതിനായി ശേഷി വര്‍ധിപ്പിക്കാന്‍ 20,000 കോടി രൂപ വേറെയും നിക്ഷേപിച്ചിട്ടുണ്ടെന്നും വിത്തൽ പറഞ്ഞു. 

ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ കണക്കനുസരിച്ച് 2020 ഡിസംബര്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ വയര്‍ലെസ് ഡാറ്റാ ഉപയോഗം 26,405 പെറ്റബൈറ്റ്‌സായി വര്‍ധിച്ചു. ശരാശരി ഒരാളുടെ ഉപയോഗം പ്രതിമാസം 12.13 ജിബിയായി. 4.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
സൈബര്‍ തട്ടിപ്പ് ഗണ്യമായി വര്‍ധിക്കുന്നതിനെക്കുറിച്ചും വിറ്റല്‍ മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകാര്‍ പുതിയ മാര്‍ഗങ്ങള്‍ തേടികൊണ്ടിരിക്കുമെന്നും നിരീക്ഷിച്ചു. ഇതിനായാണ് ഉപഭോക്താക്കളുടെ പണമിടപാടുകള്‍ ഏറ്റവും സുരക്ഷിതമായിരിക്കുവാനായി എയര്‍ടെല്‍ രാജ്യത്ത് ആദ്യമായി ''സേഫ് പേ'' സംവിധാനം അവതരിപ്പിച്ചത്. രാജ്യത്തെ ലളിതവും ഏറ്റവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ പണമിടപാടാണിത്. 

ഓരോ ഇടപാടിലും അധിക സുരക്ഷ നല്‍കുന്നു. ഇടപാടു നടത്തുമ്പോള്‍ ഉപഭോക്താവിന് നെറ്റ്‌വര്‍ക്ക് ഇന്റലിജന്‍സ് സന്ദേശം നല്‍കും. ഉപഭോക്താവിന്റെ സമ്മതം ലഭിച്ചാല്‍ മാത്രമേ പണം കൈമാറുകയുള്ളു. കൂടാതെ, പരമാവധി രണ്ടു ലക്ഷം രൂപവരെ ബാലന്‍സ് നിലനിര്‍ത്താമെന്നതിനാല്‍ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിനെ സെക്കണ്ടറി അക്കൗണ്ടായും ഉപയോഗിക്കാം. ഈ അക്കൗണ്ടിനെ യുപിഐ ആപ്പുമായി ബന്ധിപ്പിക്കാമെന്നും വിത്തൽ കൂട്ടിചേര്‍ത്തു.

കോവിഡ്-19 രണ്ടാം വരവിന്റെ കടുത്ത സാഹചര്യങ്ങളില്‍ നിന്നും എല്ലാവരും എത്രയും പെട്ടെന്ന് പുറത്തുവരട്ടെയെന്ന് ആശംസിച്ച വിറ്റല്‍ പ്രിയപ്പെട്ടവരുടെ നന്മയും ആവശ്യമായ മെഡിക്കല്‍ പിന്തുണ പ്രാപ്യമാക്കുന്നതും സേവനങ്ങളുമായിരിക്കും തങ്ങളുടെ മനസിലെ പ്രധാന ചിന്തകളെന്നും പറഞ്ഞു. ഉപയോക്താവില്‍ നിന്നുള്ള അഭിപ്രായങ്ങളും എയര്‍ടെല്‍ തേടുന്നുണ്ട്. രാജ്യം കടന്നു പോകുന്ന നിര്‍ഭാഗ്യകരമായ ഈ സമയത്ത്  ഇതിനേക്കാള്‍ നന്നായി കമ്പനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന അഭിപ്രായം ക്ഷണിക്കുകയാണ് എയര്‍ടെല്ലെന്നും വിത്തൽ വിശദമാക്കി.