സന്‍ഫ്രാന്‍സിസ്കോ:  ആപ്പിള്‍ ഐഫോണ്‍ ആടക്കം ആപ്പിളിന്‍റെ സുപ്രധാന ഉത്പന്നങ്ങളുടെ രൂപകല്‍പ്പന നടത്തിയ ജോണ്‍ ഐവ് ആപ്പിള്‍ വിടുന്നു. ലൗഫ്രം എന്ന സ്വന്തം നിലയിലുള്ള ഡിസൈനിംഗ് സ്ഥാപനത്തിന് വേണ്ടിയാണ് ജൊനാതന്‍ ഐവ് എന്ന ജോണ്‍ ഐവ് ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയുടെ സീനിയര്‍ എക്സിക്യൂട്ടീവ് സ്ഥാനം ഉപേക്ഷിക്കുന്നത്. 

1998 മുതല്‍ ആപ്പിളിന്‍റെ ഭാഗമായ ഐവ് ആപ്പിളിന്‍റെ കഴിഞ്ഞ രണ്ട് ദശകത്തിലെ പ്രധാന ഉത്പന്നങ്ങളുടെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐമാക്, പവര്‍ ബുക്ക് ജി4, ജി 4 ക്യൂബ്, മാക് ബുക്ക്, മാക് ബുക്ക് പ്രോ, മാക് ബുക്ക് എയര്‍, ഐഫോണ്‍, ഐപാഡ് എന്നിവയില്‍ എല്ലാം പിന്നില്‍ ഒരു ശില്‍പ്പിയുടെ കരവിരുതോടെ ഐവ് ഇടപെട്ടിട്ടുണ്ട്. 

2015 ല്‍ ആപ്പിളിന്‍റെ പുതിയ ആസ്ഥാനത്തിന്‍റെ ജോലികളുമായി ആപ്പിളിന്‍റെ ഉത്പന്ന ഡിസൈന്‍ രംഗത്ത് നിന്നും രണ്ട് വര്‍ഷത്തെ ഇടവേള ഇദ്ദേഹം എടുത്തിരുന്നു. 2017 ല്‍ പിന്നീട് ഇതേ സ്ഥാനത്തേക്ക് തിരിച്ചെത്തി. ലൗഫ്രം എന്ന തന്‍റെ പുതിയ കമ്പനി ഡിസൈനിംഗ് രംഗത്ത് തന്നെയാണ് ശ്രദ്ധ പതിപ്പിക്കുക എങ്കിലും വെയറബിള്‍ ഡിവൈസ് രംഗത്തായിരിക്കും കൂടുതല്‍ ശ്രദ്ധ എന്ന് ഇദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ വാച്ച് അടക്കമുള്ള അപ്പിളിന്‍റെ പദ്ധതികളിലും ലൗഫ്രം തുടര്‍ന്നും സഹകരിക്കും എന്നാണ് റിപ്പോര്‍ട്ട്.

30 വര്‍ഷത്തെ അനവധിയായ പ്രോജക്ടുകളിലൂടെ ലോകത്തെ ഏറ്റവും മികച്ച ഡിസൈനിംഗ് ടീം ആപ്പിളിനുണ്ടെന്നും തന്‍റെ അസാന്നിധ്യം ഒരു വിഷയം അല്ലെന്നും. ഇത്തരം ഒരു ടീമിനൊടപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് അഭിമാനമാണെന്നും ഐവ് പറയുന്നു. അതേ സമയം ഐവിന്‍റെ പിന്‍മാറ്റം വാര്‍ത്തയായതിന് പിന്നാലെ ആപ്പിളിന്‍റെ ഓഹരികള്‍ 1.74 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.