ആപ്പിള്‍ പറയും പോലെ നിസാരമല്ല കാര്യങ്ങള്‍ എന്നാണ് സൈബര്‍ സുരക്ഷ സ്ഥാപനത്തിന്‍റെ നിലപാട്. ഈ പ്രശ്‌നം മുതലെടുത്ത് ഐഫോണ്‍ ഉപയോക്താക്കള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ്  സെക്ഓപ്‌സ് പറയുന്നത്. 

സന്‍ഫ്രാന്‍സിസ്കോ: ഐഫോണില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന സുരക്ഷ വീഴ്ച ഐഫോണില്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി സൈബര്‍ സുരക്ഷ വിദഗ്ധരായ സെക് ഓപ്സ്. എന്നാല്‍ സെക്ഓപ്സിന്‍റെ കണ്ടെത്തല്‍ നിസാരമാണ് എന്ന നിലപാടാണ് ഇത് സംബന്ധിച്ച് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്‍റെ പ്രതികരണം. ആപ്പിള്‍ ഐഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന മെയില്‍ ആപ്പ് വഴി ഐഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന പിഴവാണ് സെക് ഓപ്സ് കണ്ടെത്തിയത്.

എന്നാല്‍ ഇതിനോട് അത്ര താല്‍പ്പര്യത്തോടെ ആയിരുന്നില്ല ആപ്പിളിന്‍റെ ആദ്യ പ്രതികരണം. സെക് ഓപ്സ് കണ്ടെത്തിയ മെയില്‍ ആപ്പിലെ സുരക്ഷ പിഴവ് അംഗീകരിക്കുന്നു, എന്നാല്‍ ഇത് കാര്യമായ ഒരു പ്രശ്നമല്ലെന്നും. അടുത്ത ഐഒഎസ് അപ്ഡേഷനില്‍ ഇത് പരിഹരിക്കും എന്നാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത ഫോണ്‍ എന്ന് വിശേഷിപ്പിക്കുന്ന ഐഫോണിന്‍റെ നിര്‍മ്മാതാക്കളുടെ വാദം. എന്നാല്‍ ഈ പ്രതികരണത്തോടെ ഐഫോണിലെ സുരക്ഷ പിഴവ് സംബന്ധിച്ച ആരോപണം ശക്തമാക്കുകയാണ് സെക് ഓപ്സ് ചെയ്തത്.

ആപ്പിള്‍ പറയും പോലെ നിസാരമല്ല കാര്യങ്ങള്‍ എന്നാണ് സൈബര്‍ സുരക്ഷ സ്ഥാപനത്തിന്‍റെ നിലപാട്. ഈ പ്രശ്‌നം മുതലെടുത്ത് ഐഫോണ്‍ ഉപയോക്താക്കള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് സെക്ഓപ്‌സ് പറയുന്നത്. വലിയൊരു കാലയളവില്‍ ഈ സുരക്ഷപ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഏത് ഐഫോണിനും ബാധകമാണ് ഈ പ്രശ്നം. ഇന്നേവരെ വില്‍ക്കപ്പെട്ടുവെന്ന് പറയുന്ന 90കോടി ഐഫോണുകളെയും ബാധിച്ചേക്കാമെന്നാണ് സെക് ഓപ്സ് പറയുന്നത്.

സെക് ഓപ്സ് ഐഫോണിന്‍റെതായി ചൂണ്ടിക്കാട്ടിയ സുരക്ഷപ്രശ്നം ഗൗരവമുള്ളത് തന്നെയാണ് എന്നാണ് ഇത്തരം സൈബര്‍ പ്രശ്നഭങ്ങള്‍ പരിഹരിക്കുന്ന ജര്‍മ്മനിയിലെ റെഗുലേറ്ററി സംവിധാനമായ ഫെഡറല്‍ ഓഫിസ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (ബിഎസ്‌ഐ) പുറത്തിറക്കിയ നിര്‍ദേശപ്രകാരം ഐഒഎസിലെ മെയില്‍ ആപ് ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നാണ് പറയുന്നത്. സുരക്ഷ പ്രശ്നം വളരെ പ്രശ്‌നമുള്ളതാണെന്ന് ബിഎസ്‌ഐ പറയുന്നു.

എന്നാല്‍ പ്രശ്നം ഗൗരവമാണ് എന്നതിനാല്‍ തന്നെ വീണ്ടും ആപ്പിള്‍ പ്രസ്താവനയുമായി രംഗത്ത് എത്തി. എന്നാല്‍ മുന്‍ നിലപാടില്‍ നിന്നും ആപ്പിള്‍ കാര്യമായ മാറ്റമൊന്നും ഇതില്‍ വരുത്തിയില്ലെന്നാണ് ടെക് ലോകം പറയുന്നത്. ഐഒഎസിലെ മെയില്‍ ആപ്പില്‍ മൂന്നു പ്രശ്‌നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവമാത്രം വച്ച് തങ്ങള്‍ ഫോണില്‍ കയറാന്‍ സാധ്യമല്ലെന്നാണ് ആപ്പിള്‍ വാദം. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അത്തരം ആക്രമണം നടന്നതിന് ഒരു തെളിവും കണ്ടിട്ടില്ലെന്നും ആപ്പിള്‍ പറയുന്നു. 

എന്നാല്‍ പ്രശ്നത്തെ പ്രശ്നമായി തന്നെ കാണും. ഇത്തരം റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സ്ഥാപനങ്ങളുമായി സഹകരണം തുടരുമെന്നും തങ്ങളുടെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിച്ചതിന് സാക്ഓപ്‌സിന്റെ പഠനം ഗുണം ചെയ്തതായും ആപ്പിള്‍ പറയുന്നു.