ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്ന ഫോണ്‍ ഏതാണ്, ആഭ്യന്തരമന്ത്രി അമിത് ഷായോ. ഇതിനുള്ള ഉത്തരങ്ങളാണ് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് പുറത്തുവിടുന്നത്.  നരേന്ദ്ര മോദിക്കും മറ്റ് കേന്ദ്രമന്ത്രിമാര്‍ക്കും പുതിയ ടെക്‌നോളജികളിലും ഗാഡ്ജറ്റുകളിലും വലിയ താല്‍പ്പര്യമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.  ടെക്‌നോളജികളെ കൂടെകൂട്ടുന്നവരില്‍ മന്ത്രിസഭയില്‍ പ്രഥമന്‍ പ്രധാനമന്ത്രി മോദി തന്നെയാണ്. 

ആപ്പിള്‍ കമ്പനിയുടെ ഉപകരണങ്ങളാണ് മോദി ഉപയോഗിക്കുന്നത്. 2018ല്‍ ചൈന, ദുബയ് സന്ദര്‍ശന വേളയില്‍ ഐഫോണ്‍ 6 സീരിസിലെ ഒരു ഫോണാണ് മോദി ഉപയോഗിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷ പരിഗണിച്ചാണ് മോദി ആപ്പിള്‍ കമ്പനിയുടെ ഉപകരണങ്ങളിലേക്ക് മാറിയത് എന്നാണ് വിവരം.  മോദി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി അമിത് ഷായും ഐഫോണാണ് ഉപയോഗിക്കുന്നത്. ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ XS ആണ് അമിത് ഷാ ഉപയോഗിക്കുന്നതത്രെ. 

രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉപയോഗിക്കുന്നത്. ഒന്ന് ഐഫോണും മറ്റൊന്ന് ആന്‍ഡ്രോയിഡ് ഒഎസിലുള്ള ഫോണുമാണ്. റോഡ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് റെയില്‍വെ മിനിസ്റ്റര്‍ നിതിന്‍ ഗഡ്കരിയാകട്ടെ ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമാണ്. 51 ലക്ഷം ഫോളോവേഴ്‌സ് അദ്ദേഹത്തിന് ട്വിറ്ററിലുണ്ട്. 

ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് 22.3 ലക്ഷം ഫോളോവര്‍മാരാണ് ട്വിറ്ററിലുള്ളത്. കേന്ദ്ര സ്റ്റീല്‍ സഹ മന്ത്രി ഭഗന്‍സിങ് കുലാസ്തെ ഒരു ഐഫോണും സാംസങ് കീപാഡ് ഫോണും ഉപയോഗിക്കുന്നു. ജോലിയുടെ ഇടവേളകളില്‍ മാത്രമാണ് മോദിയും അമിത് ഷായും സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുള്ളൂവെന്നും റിപ്പോര്‍ട്ട് പറയുന്നു. ബാക്കിയുള്ള സമയം ഇവരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘം തന്നെയുണ്ട്.