ദില്ലി: വിദേശകാര്യ മന്ത്രാലയം, ഇസ്രോ, ഇന്ദിരാഗാന്ധി ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ എന്നിവിടങ്ങളിലെ അടക്കം 3000ത്തോളം സര്‍ക്കാര്‍ ഇ-മെയില്‍ ഐഡികള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്.  സര്‍ക്കാറിന്‍റെ ഔദ്യോഗിക ഇ-മെയില്‍ ഡൊമൈന്‍ ‘gov.in’ല്‍ അവസാനിക്കുന്ന 3000 മെയില്‍ ഐഡികളുടെ പാസ് വേര്‍ഡും വിവരങ്ങളുമാണ് ഡാര്‍ക്ക് വെബില്‍ അടക്കം പരസ്യപ്പെട്ടിരിക്കുന്നത് എന്ന് ഓണ്‍ലൈന്‍ മാധ്യമം ദ ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരുടെയും ഇസ്രോയിലെ മുതിര്‍ന്ന ഗവേഷകരുടെയും ഇമെയിലുകള്‍ ഈ കൂട്ടത്തിലുണ്ടെന്നാണ് വിവരം.

ഐ.എസ്.ആര്‍.ഒ, ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്റര്‍, വിദേശകാര്യ മന്ത്രാലയം, ആറ്റോമിക് എനര്‍ജി റെഗുലേഷന്‍ ബോര്‍ഡ്, സെബി എന്നീ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഇമെയില്‍ ഐഡി ചോര്‍ന്നിട്ടുണ്ട്. അംബാസിഡര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും ഇമെയിലുകളും ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതേസമയം വിവരങ്ങള്‍ ചോര്‍ത്തിയത് ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവരാണോ അകത്തുള്ളവരാണോ എന്ന കാര്യത്തില്‍ വ്യക്തമായി വിവരം പുറത്തെത്തിയിട്ടില്ല. കഴിഞ്ഞ നവംബറില്‍ കുടംകുളം ആണവ നിലയത്തില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തിയെന്ന വിവരം പുറത്ത് എത്തിയിരുന്നു സെപ്തംബര്‍ 3നായിരുന്നു ഈ സംഭവം. ഇതിനെ തുടര്‍ന്നാണ് ഇത്തരം ആക്രമണങ്ങളും വിവര ചോര്‍ച്ചയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടന്നിട്ടുണ്ടോ എന്ന കാര്യം ഓണ്‍ലൈന്‍ മാധ്യമം പരിശോധിച്ചത്.

സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഹാക്ക്റ്യൂ കണ്ടെത്തിയ വിവരങ്ങള്‍ പ്രകാരം ഇന്ദിരാഗാന്ധി ഇന്ദിരാഗാന്ധി ആറ്റോമിക് റിസര്‍ച്ച് സെന്‍ററില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ഇവിടുത്തെ 365 ഇ-മെയില്‍ ഐഡികള്‍ ചോര്‍ന്നിട്ടുണ്ട്. രണ്ടാമത് ബാബ ആറ്റോമിക് റിസര്‍ച്ച് സെന്‍ററാണ് ഇവിടുത്തെ 325 ഐഡികളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. 

2014 ലെ സര്‍ക്കാര്‍ നയപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് 'gov.in' എന്ന ഡൊമൈന്‍ ഉപയോഗിക്കാന്‍ സാധിക്കുക. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ ഈ ഇ-മെയില്‍ ഐഡി വച്ച് ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഇത് വലിയ വിപത്താണ് എന്നാണ് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.

അതേ സമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ വിവര ചോര്‍ച്ച കേസുകളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകള്‍ പറയുന്നത്. വന്‍ ടെക് കമ്പനികളായ സൊമാറ്റോ, ലിങ്കിഡ്, ഷാഥി.കോം എന്നിവയില്‍ പോലും വിവര ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇത്തരം പ്ലാറ്റ്ഫോമുകളില്‍ നിന്നും ചോരുന്ന പാസ്വേര്‍ഡുകള്‍, ഫോണ്‍ നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈനില്‍ പരസ്യപ്പെടാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തലത്തിലെ മെയില്‍ ഐഡികള്‍ ഇത്തരത്തില്‍ സൈബര്‍ പ്ലാറ്റ്ഫോമില്‍ ചോരുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കിയേക്കും എന്നാണ് മുന്നറിയിപ്പ്.