ദില്ലി: ജാമിയ വിദ്യാർത്ഥികളുടെ ലോങ്ങ് മാർച്ചിന് നേരെ വെടിയുതിര്‍ത്തയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്ത് ഫേസ്ബുക്ക്. മാര്‍ച്ചിനെതിരെ വെടിവയ്ക്കും മുന്‍പ് ഇയാള്‍ ഫേസ്ബുക്കില്‍ തുടര്‍ച്ചയായി ലൈവ് ചെയ്തിരുന്നു. ഇതിന്‍റെ വീഡിയോകള്‍ ആദ്യഘട്ടത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ഇതാ ആസാദിയെന്ന് ആക്രോശിച്ചും, ദില്ലി പോലീസ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയും   മാർച്ചിന്  മുന്നിൽ  കയറി നിന്ന  അക്രമി തോക്കുയർത്തി ജാമിയയിലെ വിദ്യാർത്ഥികളുടെ മാര്‍ച്ചിനെതിരെ  നേരെ  വെടി വയ്ക്കുകയായിരുന്നു. വെടിവയ്പിന് തൊട്ടുമുന്‍പ് സംഭവ സ്ഥലത്ത് നിന്ന്  പ്രതി ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. അന്ത്യയാത്രയില്‍ തന്നെ കാവിപുതപ്പിക്കണമെന്നും, ജയ്ശ്രീറാം വിളികള്‍ മുഴക്കണമെന്നും ഇയാള്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നയാളെ ഫേസ്ബുക്കില്‍ നിലനിര്‍ത്താന്‍ സാധിക്കില്ല എന്നാണ് ഫേസ്ബുക്ക് ഇന്ത്യ അറിയിക്കുന്നത്.

2019 ലെ  ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് കൂട്ടക്കൊല തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി ആക്രമി ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നു. ഇത് വൻ വിവാദത്തിന് കാരണമായിരുന്നു. പിന്നീട് വിഷയത്തില്‍ ഫേസ്ബുക്ക് ഏറെ വിമര്‍ശനം കേട്ടിരുന്നു.

അതേ സമയം  അക്രമി ബജ്‍റംഗദള്‍ പ്രവര്‍ത്തകനെന്ന് പൊലീസ് പറയുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിയയില്‍ പോയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയുടെ കുടുംബാംഗങ്ങളെയും സംഭവവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യും. തോക്ക് നല്‍കിയത് സുഹൃത്തെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. അതേസമയം പിടിയിലായ പ്രതിക്ക്  പ്രായപൂർത്തിയിട്ടില്ലെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ഇയാളുടെ പ്രായപരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. 

സുഹൃത്തുക്കളെ സംഘടിപ്പിച്ച് പൗരത്വ ഭേദതഗതിക്ക് അനുകൂലമായി  പരിപാടി സംഘടിപ്പിക്കാനും പ്രതി ശ്രമിച്ചെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 

ജാമിയ വിദ്യാർത്ഥികളുടെ ലോങ്ങ് മാർച്ചിന് നേരെ അക്രമി വെടിയുതിർത്ത സംഭവം ദില്ലി സ്പെഷ്യൽ പൊലീസ് കമ്മീഷണറുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.   പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ വിദ്യാർഥികൾ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ്ങ് മാർച്ചിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. രാജ്ഘട്ടിലേക്കുള്ള ലോങ്ങ്‌  മാർച്ച്‌  സർവകലാശാല കവാടം പിന്നിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു  സംഭവം.