ദില്ലി: ഒക്ടോബറില്‍ തങ്ങളുടെ രാജ്യത്തെ ജിയോ നെറ്റ്വവര്‍ക്കിന്റെ ഡൗണ്‍ലോഡ് വേഗത 1.5 എംബിപിഎസ് കുറഞ്ഞുവെന്ന് ട്രായി കണക്കുകള്‍. എന്നാല്‍ രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഡൗണ്‍ലോഡ് വേഗത കൂടിയ ഓപ്പറേറ്റര്‍ എന്ന സ്ഥാനം റിലയന്‍സ് ജിയോ നിലനിര്‍ത്തി. 17.8 എംബിപിഎസ് ആണ് ജിയോയുടെ ശരാശരി ഡൗണ്‍ലോഡ് വേഗത. രണ്ടാം സ്ഥാനത്ത് ഐഡിയ ആണ് ഇവരുടെ ഡൗണ്‍ലോഡ് വേഗത 9.1 എംബിപിഎസ് ആണ്. 

സെപ്തംബര്‍ മാസത്തില്‍ ഐഡിയയുടെ ഡൗണ്‍ലോഡ് വേഗത 8.6 എംബിപിഎസ് ആയിരുന്നു. ഇവിടെ നിന്നും വേഗത 0.5 എംബിപിഎസ് ആയി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ട്രായിയുടെ മൈ സ്പീഡ് സൈറ്റ് നല്‍കുന്ന ഡാറ്റ പറയുന്നത്. സൈറ്റിലെ ഡാറ്റ വച്ച് സെപ്തംബറില്‍ റിലയന്‍സ് ജിയോയുടെ ഡൗണ്‍ലോഡ് വേഗത 19.1 ആയിരുന്നു. ഇതില്‍ കുറവ് വന്നിട്ടുണ്ട്. 

വോഡഫോണിനെ വെറെ തന്നെയാണ് സൈറ്റില്‍ ട്രായി കാണിച്ചിരിക്കുന്നത് ഡൗണ്‍ലോഡ് വേഗതയില്‍ ഇവരാണ് മൂന്നാം സ്ഥാനത്ത് വേഗത 8.8 എംബിപിഎസ്. നാലാം സ്ഥാനത്ത് എയര്‍ടെല്‍ ആണ് 7.5 എംബിപിഎസ് ആണ് എയര്‍ടെല്‍ ഒക്ടോബര്‍ മാസത്തില്‍ നല്‍കിയ ആവറേജ് വേഗത. കഴിഞ്ഞ രണ്ടുമാസമായി ഇതേ സ്പീഡ് തന്നെയാണ് എയര്‍ടെല്‍ പാലിക്കുന്നത്.

ഇനി മൊബൈല്‍ നെറ്റിന്‍റെ അപ്ലോഡ് സ്പീഡിലേക്ക് വന്നാല്‍, അവിടെ വോഡഫോണ്‍ ആണ് 6.5 എംബിപിഎസ് ശരാശരി വേഗതയുമായി ഒന്നാം സ്ഥാനത്ത്. രണ്ടാമത് ഐഡിയയാണ് ശരാശരി വേഗത 5.9 എംബിപിഎസ്, മൂന്നാം സ്ഥാനത്ത് എയര്‍ടെല്‍ ആണ് 3.8 എംബിപിഎസ്, നാലാം സ്ഥാനത്താണ് ജിയോ 3.5 എംബിപിഎസ്. ട്രായിയുടെ കണക്കുകള്‍ ഒരോ മാസത്തെയും കണക്ക് അനുസരിച്ച് മൈ സ്പീഡ് സൈറ്റില്‍ അപ്ലോഡ് ചെയ്യാറുണ്ട്.