മുംബൈ: കഴിഞ്ഞ ദിവസമാണ് ജിയോ ഇതര നെറ്റ്വര്‍ക്കുകളിലേക്ക് ജിയോയില്‍ നിന്നും ചെയ്യുന്ന ഫോണ്‍കോളുകള്‍ക്ക് ജിയോ ചാര്‍ജ് ഏര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചത്. 6 പൈസയാണ് ഒരു മിനുട്ടിന് ചാര്‍ജ്. രാജ്യത്ത് വോയിസ് കോളുകള്‍ ഫ്രീയാണ് എന്ന അവസ്ഥ ഇതോടെ അവസാനിക്കുകയാണ് എന്നാണ് ടെലികോം മേഖലയില്‍ നിന്നുള്ള വാര്‍ത്ത. എന്ത് കൊണ്ടാണ് ജിയോ ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയത്. ചില വസ്തുകള്‍ പരിശോധിക്കാം.

എന്താണ് ഇന്‍റര്‍കണക്ട് യൂസേജ് ചാര്‍ജ്

ഒരു നെറ്റ്വര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റ്വവര്‍ക്കിലേക്ക് വിളിക്കുമ്പോള്‍. കോള്‍ പോകുന്ന നെറ്റ്വര്‍ക്കുകാര്‍, കോള്‍ എടുക്കുന്ന നെറ്റ്വര്‍ക്കുകാര്‍ക്ക് നല്‍കേണ്ട തുകയാണ് ഇത്. ഉപയോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാതെയാണ് ജിയോ ഉപയോക്താക്കള്‍ക്ക് സൗജന്യ വോയിസ് കോള്‍ സേവനം നല്‍കിയത് എന്നാണ് അവകാശവാദം ഇതുവരെ 13,500 കോടി രൂപ ഇത്തരത്തില്‍ മറ്റു നെറ്റ്വര്‍ക്കുകള്‍ക്ക് തങ്ങള്‍ നല്‍കിയെന്നാണ് ജിയോ പറയുന്നത്. ഈ ഫീസ് ഇല്ലാതാക്കും എന്ന് നേരത്തെ രാജ്യത്തെ ടെലികോം മേഖലയിലെ നിയന്ത്രണ ഏജന്‍സിയായ ട്രായി പറഞ്ഞിട്ടുണ്ട്. 2020 ജനുവരി മുതല്‍ ഈ ഫീസ് ഇല്ലാതാക്കും എന്നാണ് ട്രായി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് നീളും എന്ന സൂചന ലഭിച്ചതോടെയാണ് ഐയുസി ഉപഭോക്താവിന് കൂടി നല്‍കാന്‍ ജിയോ തയ്യാറായത്.

വോയിസ് ഫ്രീയല്ല ഡാറ്റ ഫ്രീയായി തരാം

പുതിയ താരീഫ് ഏര്‍പ്പെടുത്തിയപ്പോള്‍ നല്‍കുന്ന പൈസയ്ക്ക് ഫ്രീയായി ഡാറ്റ ലഭ്യമാക്കും എന്നാണ് ജിയോ പറയുന്നത്. അതായത് വോയിസ് കോള്‍ ചെയ്യാന്‍ മൂന്ന് ടോപ്പ് അപ്പുകളാണ് ഉണ്ടാകുക. 124 മിനുട്ട് കോള്‍ ടൈം കിട്ടുന്ന 10 രൂപ റീചാര്‍ജ്, 20 രൂപയുടെ 249 മിനുട്ട് ടോക്ക് ടൈം കിട്ടുന്ന റീചാര്‍ജ്, 656 മിനുട്ട് ടോക് ടൈം കിട്ടുന്ന 50 രൂപയുടെ റീചാര്‍ജ്, 1362 മിനുട്ട് ടോക്ക് ടൈം ലഭിക്കുന്ന 100 രൂപ റീചാര്‍ജ് എന്നിങ്ങനെയാണ് ടോപ്പ് അപ്പുകള്‍. ഇവ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് യഥാക്രമം 1 ജിബി, 2ജിബി, 5ജിബി, 10 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. ടോപ്പ് അപ്പ് കാലവധി വരെയായിരിക്കും ഈ ഡാറ്റയുടെയും കാലവധി. എന്നാല്‍ വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകള്‍ വഴിയുള്ള കോളിന് ഇത് ബാധകമല്ല. ജിയോ ടു ജിയോ കോളും ഫ്രീയാണ്.

പിണക്കം മാറാതെ മറ്റ് നെറ്റ്വര്‍ക്കുകള്‍

തുടക്കം മുതല്‍ ഉപയോക്താവിന് സൗജന്യകോളുകള്‍ നല്‍കി ടെലികോം മേഖലയിലെ മറ്റ് നെറ്റ്വര്‍ക്കുകളെ നിഷ്പ്രഭമാക്കിയാണ് ജിയോ എത്തിയത്. മുന്‍പ് ഇന്‍റര്‍കണക്ടിംഗ് ചാര്‍ജ് 14 പൈസയായിരുന്നത്. ജിയോ വന്നതിന് പിന്നാലെ ട്രായി 6 രൂപയാക്കി. പിന്നീട് അത് എടുത്തുകളയും എന്നും പറ‌ഞ്ഞു. ഇതെല്ലാം ജിയോയ്ക്ക് വേണ്ടിയാണെന്ന് മറ്റ് നെറ്റ്വര്‍ക്കുകള്‍ക്ക് ആക്ഷേപം ഉണ്ട്. അതിനാല്‍ തന്നെ പഴയ മിനുട്ടിന് 14 പൈസ എന്ന ചാര്‍ജ് പുനസ്ഥാപിക്കണം എന്നാണ് മറ്റുള്ളവരുടെ വാദം. ജിയോ കോളിന് ചാര്‍ജ് ഏര്‍പ്പെടുത്തിയതോടെ തങ്ങളുടെ ഫ്രീകോള്‍ ഓഫറുകള്‍ ഈ കമ്പനികളും പുനപരിശോധിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ രാജ്യത്ത് ഫ്രീ കോള്‍ എന്ന സംവിധാനം അവസാനിക്കാനാണ് സാധ്യത.

മിസ്ഡ് കോള്‍ കെണി

അടുത്തിടെ ഒരു ഫോണ്‍ കോളിന്‍റെ റിംഗ് ജിയോ 25 സെക്കന്‍റായി കുറച്ചതായി  റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് പുതിയ തുക ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമാണ് എന്നാണ് പ്രധാന ആരോപണം. മിസ്ഡ് കോൾ കാണുന്ന ഉപയോക്താവ് തിരികെവിളിക്കുമ്പോൾ ഐയുസി കിട്ടുമെന്നതിനാലാണ് ഇത് ചെയ്തത് എന്നാണ് ആരോപണം. എന്നാല്‍ ജിയോയില്‍ നിന്നും വരുന്ന കോളുകള്‍ക്ക് മുന്‍പ് തന്നെ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ ഇത്തരം ചതികള്‍ ചെയ്യാറുണ്ടെന്നാണ് ജിയോയുടെ ആരോപണം.