മുംബൈ: ഫേസ്ബുക്ക് റിലയന്‍സ് ജിയോയില്‍ 9.99 ശതമാനം ഓഹരി വാങ്ങിയതിന് പിന്നാലെ ജിയോയുടെ ഓണ്‍ലൈന്‍ വ്യാപര ശൃംഖലയുടെ പ്രവര്‍ത്തനവും ഔദ്യോഗികമായി ആരംഭിച്ചു. നേരത്തെ മുംബൈയിലെ ചിലയിടങ്ങളില്‍ പരീക്ഷണ പ്രവര്‍ത്തനം നടത്തിയിരുന്ന ജിയോ ഇ-കോമേഴ്സ് പ്ലാറ്റ് ഫോം വാട്ട്സ്ആപ്പ് സഹായത്തോടെ അതിന്‍റെ പ്രവര്‍ത്തനം നവീമുംബൈ, താനെ,കല്ല്യാണ്‍ എന്നിവിടങ്ങളിലാണ് ആരംഭിച്ചിരിക്കുന്നത്.

ജിയോ മാര്‍ട്ടിന്‍റെ വാട്ട്സ്ആപ്പ് നമ്പറായ 885000800 എന്ന നമ്പറിലൂടെയാണ് ഓഡര്‍ സ്വീകരിക്കുന്നത്. വാട്ട്സ്ആപ്പ് ചാറ്റ് വിന്‍ഡോയിലൂടെ ഉപയോക്താക്കളുടെ ആവശ്യം അറിഞ്ഞ് ലിങ്ക് അയക്കും. ഈ ലിങ്കുകള്‍ 30 മിനുട്ട് നിലനില്‍ക്കും അതിനുള്ളില്‍ ഉപയോക്താവിന് ഓ‍ഡര്‍ ചെയ്യാം.

ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിലാസവും ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും നല്‍കാന്‍ ഒരു പേജ് ലഭിക്കും. അത് പൂര്‍ത്തിയാക്കിയാല്‍ സാധനങ്ങളുടെ കാറ്റലോഗ് ലഭിക്കും. ഓഡര്‍ഫോമും ഇതിനൊപ്പം ഉണ്ടാകും. നിലവില്‍ ക്യാഷ് ഓണ്‍ ഡ‍െലിവറി സംവിധാനമാണ് നടപ്പിലാക്കുന്നത്. ഉടന്‍ ഓണ്‍ലൈന്‍ പണമിടപാടും ഉണ്ടാകും. ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരിക്കുന്നവരുടെ ആവശ്യ സാധനത്തിനുള്ള ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് വിപണിയില്‍ സാന്നിധ്യമാകുവാനാണ് ജിയോ മാര്‍ട്ടിന്‍റെ ലക്ഷ്യം.