പയ്യന്നൂര്‍: സുരക്ഷ പിഴവ് ചൂണ്ടികാണിച്ച മലയാളി യുവാവിന് ആപ്പിളിന്‍റെ അദരവ്.  ആപ്പിളിന്റെ വെബ് സെർവർ ക്രഡിറ്റ് ഹാൾ ഓഫ് ഫെയിം അംഗീകാരമാണ് കണ്ണൂര്‍ പയ്യന്നൂർ കാങ്കോലിലെ പി.വി. ജിഷ്ണുലിനെ തേടി എത്തിയത്.  ലോകത്ത് ഏറ്റവും സുരക്ഷിത ടെക് കമ്പനിയെന്ന് വിശേഷിപ്പിക്കുന്ന ആപ്പിളിന്‍റെ വെബ്‌സൈറ്റിലെ സുരക്ഷാ പിഴവാണ് ഇരുപത്തിരണ്ടു വയസുകാരനായ ജിഷ്ണു ചൂണ്ടികാട്ടിയത്.

ആപ്പിള്‍ വെബ് സൈറ്റുകള്‍, ഉപകരണങ്ങള്‍ എന്നിവയിലെ പിഴവുകൾ കണ്ടെത്തുന്നവരെയാണ്   ആപ്പിൾ വെബ്‌സെർവർ ക്രഡിറ്റ് ഹാള്‍ ഓഫ് ഫെംയിമില്‍ ഉള്‍പ്പെടുത്താറ്.  ആപ്പിളിന്റെ സബ് ഡൊമൈനായ artists.apple.com ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കാനും മാറ്റും വരുത്താനും അടക്കം ഹാക്കർമാർക്ക് സാധിക്കുമെന്ന കാര്യമാണ് ആപ്പിളിന്‍റെ സുരക്ഷ പിഴവായി ജിഷ്ണു കണ്ടെത്തിയത്.

ഈ കണ്ടെത്തല്‍ പിന്നീട് ആപ്പിളിനെ അറിയിക്കുകയായിരുന്നു, ഈ  സുരക്ഷാ പിഴവ് മനസിലാക്കിയ ആപ്പിള്‍ അത് പിന്നീട് തിരുത്തി.  ജിഷ്ണുവിന്‍റെ പേര്  ആപ്പിളിന്റെ സെർവർ ക്രഡിറ്റ് ഹാൾ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആപ്പിള്‍ വൈബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള എത്തിക്കൽ ഹാക്കർമാർ പങ്കെടുക്കുന്ന ആപ്പിളിന്റെ ബഗ്ഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായാണ് ജിഷ്ണു ഇതു കണ്ടെത്തിയത്. നേരത്തെ മൈക്രോസോഫ്റ്റ്, ഇന്റൽ, ഡെൽ, ഓപ്പോ, നെറ്റ് ഗിയർ തുടങ്ങി 40ൽ അധികം വെബ്‌സൈറ്റുകളുടെ സെക്യൂരിറ്റി പിഴവുകൾ ചൂണ്ടിക്കാട്ടി പ്രതിഫലം ജിഷ്ണു നേടിയിട്ടുണ്ട്.

മാത്തിൽ ഗുരുദേവ് ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബിസിഎ പഠനം പൂർത്തിയാക്കി. നിലവില്‍ ജാസ്പ്.കോം എന്ന കമ്പനിയില്‍ സോഫ്റ്റ് വെയർ ഡവലപ്പറായി ജോലി ചെയ്യുകയാണ് ജിഷ്ണു.