ചെറിയൊരു കാലയളവില്‍ തന്നെ ഇന്ത്യയില്‍ വളരെ ജനപ്രിയമായ വീഡിയോ ഷെയറിംഗ് ആപ്പാണ് ടിക്ടോക്ക്. ഒടുവില്‍ ടിക്ടോക്കിന്‍റെ ഇന്ത്യയിലെ യാത്രയ്ക്ക് വിരാമം കുറിക്കുന്നു. നിലവിലെ അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന്‍റെ പാശ്ചത്തലത്തില്‍ ഇന്ത്യ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കി നിരോധിച്ച 59 ആപ്പുകളില്‍ ടിക്ടോക്കും ഉള്‍പ്പെടുന്നു. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്‍റെ ഉത്പന്നമായ ടിക്ടോക്കാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്പ്. 120 ദശലക്ഷം ആക്ടീവ് ഉപയോക്താക്കള്‍ ഈ വീഡിയോ ഷെയറിംഗ് ആപ്പിന് ഇന്ത്യയിലുണ്ട്. വലിയൊരു വിഭാഗം ഇതില്‍ യുവജനങ്ങളാണ് എന്നതാണ് വസ്തുത.

കേരളത്തിലും ടിക്ടോക്ക് ജനപ്രിയമാണെന്ന് തന്നെ പറയണം. ഒരു സമാന്തര ലോകം പോലെ ടിക്ടോക്ക് തരംഗം കേരളത്തില്‍ ഉയര്‍ന്നുവരുകയായിരുന്നു. ടിക് ടോക് പ്രതിഭകള്‍ പതുക്കെ മുഖ്യധാരയിലും പ്രത്യക്ഷപ്പെട്ടു. ജനപ്രിയ റിയാലിറ്റി ഷോകളിലേക്ക് ടിക് ടോക്കിലെ മിന്നുംതാരങ്ങള്‍ താരമായി എത്തുന്നത് സമീപകാല കേരള കാഴ്ചയായിരുന്നു. ഒരു പരിധിവരെ ഇതുവരെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് വേദിയായിട്ടുണ്ട്, ടിക് ടോക്.

നമ്മളെ ഫോളോ ചെയ്യുന്നവരെ തിരിച്ച് ഫോളോ ചെയ്യുക. 1 മില്ല്യണ്‍ ലൈക്ക് ഉണ്ടാക്കുക. കട്ട സപ്പോര്‍ട്ട് ചെയ്യുക, മീറ്റപ്പുകള്‍ നടത്തുക ഇങ്ങനെ പോകുന്നു ടിക് ടോക്കുകാര്‍ക്ക് മാത്രം മനസിലാകുന്ന പദങ്ങളും പ്രയോഗങ്ങളും. പൂതൂങ്കി കുര്‍ളമാമി എന്നത് ഒരു ബംഗാളി ഗാനം എന്നതിനപ്പുറം മലയാളിയിലേക്ക് എത്തിയത് ടിക് ടോക് വഴിയാണ്. സിനിമയിലേക്ക് സീരിയലിലേക്ക് ടിക് ടോക്ക് വഴി തുറന്നുകിട്ടിയവര്‍ നിരവധി.

ഇനിയിപ്പോ ടിക് ടോക്കിന് ഇന്ത്യയില്‍ അവസാനം സംഭവിക്കുന്ന അവസ്ഥയില്‍ കേരളത്തിലെ പ്രമുഖരായ ചില ടിക് ടോക്ക് അംഗങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിക്കുകയാണ്.

രാജ്യസുരക്ഷയല്ലെ വലുത് ടിക്ടോക്ക് നിരോധനത്തിനൊപ്പം നില്‍ക്കും': ഫുക്രു

കൂടുതലും ഓണ്‍ വോയിസ് വീഡിയോകളാണ് ടിക്ടോക്കില്‍ ഞാന്‍ ചെയ്തിരുന്നത്. ടിക്ടോക്ക് നിരോധനം ചെറിയ വിഷമം ഉണ്ടാക്കുന്നുണ്ട്, ടിക്ടോക്ക് വഴിയാണ് ഇപ്പോള്‍ എനിക്ക് പ്രശസ്തി ലഭിച്ചത്. എല്ലാ അവസരങ്ങളും ലഭിച്ചതും. നിങ്ങള്‍ എന്നെ വിളിച്ചത് പോലും. എന്നാല്‍ രാജ്യസുരക്ഷയ്ക്ക് വേണ്ടിയുള്ള ഒരു തീരുമാനം അല്ലെ അപ്പോള്‍ നാം അതിന് കൂടെ നില്‍ക്കണം. 

ടിക്ടോക്ക് നിരോധിച്ചതിന് പിന്നാലെ മറ്റൊരു പ്ലാറ്റ്ഫോം എന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ല. സിനിമ സംവിധാനം അടക്കമുള്ള ഭാവി പ്ലാനുകളാണ് ഇപ്പോള്‍ ആലോചിക്കുന്നത്. എനിക്ക് വേണമെങ്കില്‍ എനി വീഡിയോ ഇന്‍സ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ മറ്റോ ഇടാം. ഇത് ഒരു ഡബ്ബിംഗ് പ്ലാറ്റ്ഫോം മാത്രമായി കണ്ടവര്‍ക്കാണ് ഇനി പ്രശ്നങ്ങള്‍ ഉണ്ടാകുക. ടിക്ടോക്ക് മാത്രം ഇപ്പോഴും ചര്‍ച്ചയാകേണ്ടി വരുന്നത് എന്ത് കൊണ്ടാണ് എന്ന് മനസിലാകുന്നില്ല.

ഫെയിമല്ല പാഷനാണ് മുഖ്യമെന്നുള്ളവരെ ബാധിക്കില്ല: അമ്മു സുമിത്ത്

ടിക്ടോക്ക് നിരോധിച്ചു എന്നത് വലിയൊരു കാര്യമായി തോന്നുന്നില്ല. പക്ഷെ ടിക്ടോക്ക് നിരോധിച്ചുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പലഭാഗത്ത് നിന്നും നിരവധികോളുകള്‍ വന്നു. അപ്പോഴാണ് ടിക്ടോക്കിനെ ഏത് രീതിയിലാണ് ആളുകള്‍ എടുത്തത് എന്ന് മനസിലായത്. ചിലപ്പോള്‍ ഈ പ്ലാറ്റ്ഫോം നല്‍കിയ ഫെയിം നഷ്ടപ്പെടുമോ എന്ന ഭീതി ചിലര്‍ക്ക് ആശങ്കകള്‍ ഉണ്ടാക്കിയേക്കാം. പക്ഷെ ശരിക്കും കഴിവുകള്‍ പ്രകടപ്പിക്കണം എന്ന ആത്മവിശ്വാസവും പാഷനും ഉള്ളവര്‍ക്ക് ഈ സാഹചര്യവും ഒരു പ്രശ്നമില്ല. 

ഇന്ന് ടിക്ടോക് പ്ലാറ്റ്ഫോം നഷ്ടപ്പെട്ടാല്‍ നാളെ നമ്മുടെ കഴിവുകള്‍ മറ്റൊരു പ്ലാറ്റ്ഫോമില്‍ പ്രകടിപ്പിക്കും അതിനുള്ള അവസരം ഇപ്പോള്‍ ലഭ്യമാണ്. പാഷന്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവിടെയും വിജയിക്കാന്‍ കഴിയും. ടിക്ടോക്ക് പോയാലും വീഡിയോകളുമായി സൈബര്‍ ലോകത്ത് തന്നെ കാണും. ടിക്ടോക്കില്‍ കഴിവുള്ള കുറേയെറെപ്പേരുണ്ട്, അവര്‍ ഇനി ഏത് പ്ലാറ്റ്ഫോമില്‍ വീഡിയോയായി വന്നാലും അവരെ തിരഞ്ഞ് പിടിച്ച് ഞങ്ങള്‍ ഫോളോ ചെയ്യും.

ആ കുട്ടികളെ ഓര്‍ത്ത് ആശങ്കയുണ്ട്: അനുരാജ്, പ്രീണ അനുരാജ്

രാജ്യസുരക്ഷ എന്ന കാര്യത്തില്‍ നിന്നാണ് ഇത്തരം ഒരു നിരോധനം വന്നത്. അപ്പോള്‍ രാജ്യം വിട്ട് മറ്റൊരു കാര്യം ഇല്ലാത്തതിനാല്‍ ഈ നിരോധനത്തെ അംഗീകരിച്ചെ പറ്റു. അത് തന്നെയാണ് തീരുമാനം.
നേരത്തെ തന്നെ ടിക്ടോക്കില്‍ മാത്രമായി ഒരു നിലനില്‍പ്പ് എന്നതിനപ്പുറം ഞങ്ങളുടെ ക്രിയേറ്റിവിറ്റി വളര്‍ത്തുവാന്‍ മറ്റ് പ്ലാറ്റ്ഫോം കൂടി ഉപയോഗിക്കുന്ന രീതിയാണ് പൊതുവില്‍ ഞങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്.  

യൂട്യൂബ് ഫേസ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളാണ് കൂടുതല്‍ വരുമാനം നല്‍കുന്നത് എന്നതിനാല്‍ അത് കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ഒന്നരകൊല്ലമായി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. അതിനാല്‍ തന്നെ ഒരു പ്ലാറ്റ്ഫോം നഷ്ടപ്പെടുന്നതിനപ്പുറം വലിയ നഷ്ടം ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ. പക്ഷെ വലിയ ഓഡിയന്‍സുള്ള അക്കൌണ്ടുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ മറ്റ് പ്ലാറ്റ്ഫോമിലെ കണ്ടന്‍റിലേക്ക് ആളുകളെ എത്തിക്കാന്‍ സാധിക്കുമായിരുന്നു. അത് ചില നഷ്ടങ്ങള്‍ ഉണ്ടാക്കും. അതിനെല്ലാം അപ്പുറം ഈ വാര്‍ത്ത അറിഞ്ഞ് നിരവധിപ്പേര്‍ വിളിക്കുന്നുണ്ട്. പലരും ചെറിയ കുട്ടികളും മറ്റുമാണ്. അവര്‍ ശരിക്കും ഈ പ്ലാറ്റ്ഫോമിന് അഡിക്റ്റാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. അവരെക്കുറിച്ച് ഓര്‍ത്ത് ആശങ്കയുണ്ട്.

സങ്കടമുണ്ട്, മിസ് ചെയ്യും..എന്നാലും: ആമി പറയുന്നു

ടിക്ടോക്ക് നിരോധിക്കുന്നു എന്നത് ശരിക്കും സങ്കടകരമായ കാര്യമാണ്. പക്ഷെ രാജ്യത്തിന് വേണ്ടിയാണ് ഈ നടപടി എന്നയിടത്ത് ഇത്തരം സങ്കടങ്ങള്‍ക്ക് സ്ഥാനമില്ല. ടിക് ടോക്കിലെ വീഡിയോകളും ആളുകളെയും മിസ് ചെയ്യും എന്നതില്‍ സംശയമൊന്നും ഇല്ല.  നമ്മളെ സ്നേഹിക്കുന്ന ഒട്ടനവധിപ്പേര്‍ ഇവിടെ ഉണ്ട്. അവരുടെ സപ്പോര്‍ട്ടും കെയറും ഇനിയുണ്ടാകില്ലെ എന്ന ചിന്ത ചിലപ്പോള്‍ അലട്ടിയേക്കും. പക്ഷെ നമ്മള്‍ ഒരിക്കല്‍ ആരാധിച്ച സിനിമക്കാരും സീരിയലുകാരും നമ്മെ തിരിച്ചറിയാനും, അവര്‍ക്കൊപ്പം ജോലി ചെയ്യാനും ഒക്കെ അവസരം ഒരുക്കി തന്നത് ഈ പ്ലാറ്റ്ഫോം ആണ്. അതിന്‍റെ നന്ദി കൂടിയുണ്ടാകും. പിന്നെ ഇത് നിര്‍ത്തിയാല്‍ മറ്റൊരു പ്ലാറ്റ്ഫോം വരുമായിരിക്കും.

തങ്ങള്‍ക്ക് അവസരം ഒരുക്കിയ പ്ലാറ്റ്ഫോമിനോട് പിരിയുന്നതിന്‍റെ ചെറിയ വിഷമങ്ങള്‍ ഉണ്ടെങ്കിലും രാജ്യതാല്‍പ്പര്യമാണ് നല്ലത് എന്ന നിലപാടിലാണ് പല ടിക്ടോക്ക് വ്യക്തിത്വങ്ങളും. ഇന്നലെ മുതല്‍ തന്നെ ടിക്ടോക്ക് അക്കൌണ്ടുകള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യുന്ന ഫോട്ടോകള്‍ പങ്കുവച്ചവരും ഉണ്ട്. ടിക്ടോക്ക് പോയാല്‍ പുതിയ പ്ലാറ്റ്ഫോമുകളിലും തങ്ങളുടെ കഴിവ് തെളിയിക്കാന്‍ സാധിക്കും എന്നാണ് ഇവരുടെ ആത്മവിശ്വാസം.