ന്യൂയോര്‍ക്ക്: പ്രഫഷണല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ലിങ്ക്ഡ് ഇന്‍ 6 ശതമാനം ജീവനക്കാരെ ആഗോള വ്യാപകമായി പിരിച്ചുവിടുന്നു. ഇതോടെ 960 പേരുടെ ജോലിയാണ് നഷ്ടപ്പെടുക. കൊവിഡ് ബാധ ആഗോള വ്യാപകമായി ഏല്‍പ്പിച്ച സാമ്പത്തിക ആഘാതത്തിന്‍റെ പാശ്ചത്തലത്തിലാണ് മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇന്‍ ഇത്തരം ഒരു തീരുമാനം എടുത്തത്.

കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ ലിങ്ക്ഡ് ഇന്‍ ജോലി തേടുന്ന പ്രഫഷണല്‍മാര്‍ക്ക് വലിയ പ്ലാറ്റ്ഫോം ആണ് ഒരുക്കുന്നത്. ലിങ്ക്ഡ് ഇന്നിന്‍റെ ആഗോള വ്യാപകമായുള്ള എല്ലാ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാര്‍ക്ക് പുതിയ പരിഷ്കാരണത്തില്‍ ജോലി പോയേക്കും എന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം പിരിച്ചുവിടുന്ന ജോലിക്കാര്‍ക്ക് പത്ത് ആഴ്ചത്തേക്കുള്ള ശമ്പളം നല്‍കാന്‍ ലിങ്ക്ഡ് ഇന്‍ തീരുമാനിച്ചിട്ടുണ്ട്.  അതേ സമയം കമ്പനി നല്‍കിയ ലാപ്ടോപ്പ്, മൊബൈല്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ പുതിയ ജോലി ലഭിക്കുംവരെ പിരിച്ചുവിട്ട ജോലിക്കാര്‍ക്ക് ഉപയോഗിക്കാന്‍ ലിങ്ക്ഡ് ഇന്‍ അവസരം നല്‍കിയിട്ടുണ്ട്. 

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് സന്ദേശം ലഭിക്കുമെന്നാണ് ലിങ്ക്ഡ് ഇന്‍ അറിയിക്കുന്നത്. അത് ലഭിക്കാത്ത ജീവനക്കാര്‍ക്ക് പുതിയ പിരിച്ചുവിടല്‍ ബാധകമല്ലെന്നാണ് അര്‍ത്ഥമെന്നാണ് ലിങ്ക്ഡ് ഇന്‍ സിഇഒ അറിയിക്കുന്നത്.