ദില്ലി: ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും എന്ന സൂചനകള്‍ നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഡാറ്റയ്ക്കും, കോളുകള്‍ക്കും മിനിമം നിരക്ക് പ്രഖ്യാപിക്കാന്‍ ട്രായി ഒരുങ്ങുന്നു എന്നാണ് സൂചന. ഇതോടെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ തങ്ങളുടെ നിരക്കുകള്‍ വളരെ താഴ്ന്ന നിലിയിലാക്കുവാന്‍ സാധിക്കില്ല.  ഇതോടെ വീണ്ടും ടെലികോം കമ്പനികള്‍ പ്ലാനുകള്‍ പുന: പരിശോധിച്ചാല്‍ ഡാറ്റ കോള്‍ നിരക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

നിരക്ക് നിര്‍ണ്ണയത്തില്‍ ഇടപെടില്ല എന്നതായിരുന്നു അടുത്തകാലം വരെ ട്രായി നിലപാട്. എന്നാല്‍ ഇത് ടെലികോം രംഗത്ത് അനാവശ്യ മത്സരം സൃഷ്ടിച്ച്, ഈ മേഖല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെയാണ് ട്രായിയുടെ പുതിയ ഇടപെടല്‍ എന്നാണ് സൂചന. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.

മുന്‍പ് അടിസ്ഥാന നിരക്കുകള്‍ ട്രായി ഇടപെട്ട് നിശ്ചയിക്കുന്നതിനെ എതിര്‍ത്തിരുന്ന കമ്പനികള്‍ ഇപ്പോള്‍ അതിനായി രംഗത്ത് വരുന്നു എന്നതാണ് രസകരം. ചില ദിവസങ്ങള്‍ക്ക് മുന്‍പ് ഐഡിയ പ്രമോട്ടര്‍മാരായ ബിര്‍ള ഗ്രൂപ്പ് മേധാവി കെഎം ബിര്‍ള ഈ രംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെങ്കില്‍ ഐ‍ഡിയ വോഡഫോണ്‍ പൂട്ടിപ്പോകുമെന്ന് തുറന്നടിച്ചിരുന്നു. എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ കഴിഞ്ഞ ദിവസം ടെലികോം സെക്രട്ടറിയെ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.

ഇതിനെല്ലാം പിന്നാലെയാണ് മുന്‍നിലപാടില്‍ നിന്നും ട്രായി പിന്നോട്ട് പോകുന്നു എന്ന വാര്‍ത്ത വരുന്നത്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ടെലികോം നിരക്കുകള്‍ കാര്യമായി മാറിയിട്ടുണ്ട്. ടെലികോം കമ്പനികളുടെ അഭിപ്രായം ഉള്‍ക്കൊണ്ട് തറനിരക്കുകള്‍ നിശ്ചയിക്കുന്നത് ആലോചിക്കും എന്നാണ് ട്രായി ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ പറയുന്നത്.