വോൾട്ടേജ് സെൻസർ അധിഷ്ഠിത മാക്സിമം പവർ പോയിന്‍റ് ട്രാക്കിംഗ് സിസ്റ്റത്തിനാണ് പേറ്റന്‍റ് ലഭിച്ചത്
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ സോളാർ പാനലുകളിൽ നിന്ന് പരമാവധി വൈദ്യുതി വേർതിരിച്ചെടുക്കുന്നതിനുള്ള നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് റൂർക്കല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടിആർ) ഗവേഷകർ. ഈ സാങ്കേതിക വിദ്യയ്ക്ക് റൂർക്കലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) ഗവേഷകർ പേറ്റന്‍റ് നേടി.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറായ സുസോവോൺ സാമന്ത, പിഎച്ച്ഡി വിദ്യാർത്ഥി സതാബ്‍ദി ഭട്ടാചാര്യ, ഡ്യുവൽ ഡിഗ്രി വിദ്യാർത്ഥി മധുസ്മിത ബാരിക്ക് എന്നിവർ ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് വോൾട്ടേജ് സെൻസർ അധിഷ്ഠിത മാക്സിമം പവർ പോയിന്‍റ് ട്രാക്കിംഗ് (എംപിപിടി) സിസ്റ്റത്തിന് പേറ്റന്‍റ് ലഭിച്ചത്. സൂര്യപ്രകാശത്തിലും താപനിലയിലുമുള്ള മാറ്റങ്ങളോട് ഈ നവീകരണം വേഗത്തിൽ പ്രതികരിക്കുന്നതിനാൽ സിസ്റ്റത്തിന് പരമാവധി കാര്യക്ഷമതയിൽ സ്ഥിരമായി പ്രവർത്തിക്കാനും വൈദ്യുതിയിലെ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാനും കഴിയുമെന്ന് ഗവേഷകർ പറയുന്നു.
ക്ലീൻ എനർജി റിസർച്ച് ഇനിഷ്യേറ്റീവിന് കീഴിൽ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ പദ്ധതി, സൗരോർജ ഉത്പാദനത്തിലെ പ്രധാന വെല്ലുവിളികളെ നേരിടാൻ പര്യാപ്തമാണെന്ന് ഗവേഷകർ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ കാരണം പരമ്പരാഗത സൗരോർജ്ജ സംവിധാനങ്ങൾക്ക് വൈദ്യുതിയിൽ ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടി വരുന്നു. കൂടാതെ വില കൂടിയ കറന്‍റ് സെൻസറുകൾ ആവശ്യമാണ്.
"പഴയ സാങ്കേതിക വിദ്യകൾ നേരിടുന്ന വൈദ്യുതിയിൽ നിന്നുള്ള ഏറ്റക്കുറച്ചിൽ പ്രശ്‍നങ്ങളെ തടയുന്നു. പരമാവധി കാര്യക്ഷമത നിലനിർത്തിക്കൊണ്ട് സൂര്യപ്രകാശത്തിലും താപനിലയിലും വരുന്ന മാറ്റങ്ങളോട് ഇത് വേഗത്തിൽ പ്രതികരിക്കുന്നു. വോൾട്ടേജ് സെൻസർ അല്ലെങ്കിൽ റെസിസ്റ്റർ ഡിവൈഡർ സർക്യൂട്ട് മാത്രം ഉപയോഗിക്കുന്ന സിസ്റ്റത്തിന്‍റെ ലളിതമായ രൂപകൽപ്പന സങ്കീർണ്ണതയും ചെലവും ഗണ്യമായി കുറയ്ക്കുന്നു"- ഗവേഷണത്തിന് നേതൃത്വം നൽകിയ അസോസിയേറ്റ് പ്രൊഫസർ സുസോവോൺ സാമന്ത പറഞ്ഞു.
പുനരുപയോഗ ഊർജ്ജ മേഖലയിൽ ഈ കണ്ടുപിടുത്തത്തിന് വിശാലമായ ഉപയോഗങ്ങളുണ്ടെന്ന് ഗവേഷകർ അവകാശപ്പെട്ടു, വിലയേറിയ കറന്‍റ് സെൻസറുകളുടെ ആവശ്യകത ഇല്ലാതാക്കൽ, ചെലവ് കുറയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ മുതൽ ഹോം ലൈറ്റിംഗ് സിസ്റ്റങ്ങളും മൈക്രോഗ്രിഡ് സൊല്യൂഷനുകളും വരെ വിപുലമായ ആപ്ലിക്കേഷനുകൾ ഈ സംവിധാനത്തിനുണ്ട്. വിദൂര, ഗ്രാമപ്രദേശങ്ങൾക്ക് ഇത് പ്രത്യേകിച്ചും അനുയോജ്യമാണെന്ന് ഗവേഷകർ പറഞ്ഞു. ഐഇഇഇ ട്രാൻസാക്ഷൻസ് ഓൺ സസ്റ്റൈനബിൾ എനർജി, ഐഇഇഇ ട്രാൻസാക്ഷൻസ് ഓൺ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് എന്നിവ ഉൾപ്പെടെയുള്ള ജേണലുകളിൽ ഈ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂന്ന് മാസത്തേക്ക് ചെറിയ തുക മാത്രം; മതിയാവോളം കോള്‍ വിളിക്കാന്‍ ഒരു ബിഎസ്എന്‍എല്‍ പ്ലാന്‍
