ന്യൂയോര്‍ക്ക്: ആമസോണ്‍ കോടീശ്വരന്‍ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട് കഴിഞ്ഞ വര്‍ഷം സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്ത തുക കേട്ട് ഞെട്ടരുത്. 1.7 ബില്യണ്‍ ഡോളര്‍. അതായത്, ഇന്ത്യന്‍ രൂപയില്‍ 1,27,15,57,50,000 രൂപ!  വംശീയ സമത്വം, ട്രാന്‍സ് ജെന്‍ഡര്‍ അവകാശങ്ങള്‍, പൊതുജനാരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കു വേണ്ടിയാണ് ഇത്രയും തുക ഇവര്‍ സംഭാവന നല്‍കിയത്. 

ലോകത്തെ ഏറ്റവും ധനികനായ ബെസോസില്‍ നിന്ന് പിരിഞ്ഞതിനുശേഷം ലഭിച്ച സ്വത്തുക്കളുടെയും സമ്പത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യാനുള്ള തീരുമാനത്തിലാണ് സ്‌കോട്ട്. കഴിഞ്ഞ വര്‍ഷം സ്‌കോട്ട് ആമസോണില്‍ 4% ഓഹരി മാത്രം അവശേഷിപ്പിച്ചു കൊണ്ടാണ് പുതിയ ജീവിതത്തിനു തുടക്കമിട്ടത്. വിവാഹമോചന സമയത്ത് അവരുടെ ഓഹരി ഏകദേശം 36 ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം ആമസോണിന്റെ ഓഹരികള്‍ കുതിച്ചുകയറുന്നതിലൂടെ അവരുടെ സമ്പാദ്യം 60 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ചെറിയ എതിരാളികളെ കീഴടക്കാനായി ആമസോണ്‍ വിപണി ശക്തി ഉപയോഗിച്ചതെങ്ങനെയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആന്റിട്രസ്റ്റ് പാനലിനു മുന്നില്‍ ജെഫ് ബെസോസ് ഹാജരാകുന്നതിന് ഒരു ദിവസം മുമ്പാണ് സ്‌കോട്ട് തന്റെ പ്രഖ്യാപനം നടത്തിയത്.