മോസ്കോ: ആപ്പിളിനെതിരെ കേസ് ഫയല്‍ ചെയ്ത് യുവാവ്. ഐഫോണ്‍ തന്നെ സ്വവര്‍ഗാനുരാഗിയാക്കിയെന്ന് ആരോപിച്ചാണ് റഷ്യന്‍ യുവാവ് ഒരു ദശലക്ഷം റൂബിള്‍സ് ആവശ്യപ്പെട്ട് മോസ്‌കോ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. സെപ്റ്റംബര്‍ 20 നാണ് കേസ് ഫയല്‍ ചെയ്തത്. ഒകേ്ടാബര്‍ 17 നാണ് കോടതി കേസ് പരിഗണിക്കുന്നത് എന്ന് എഎഫ്പി വാര്‍ത്ത ഏജന്‍സി പറയുന്നു.

'ഗേകോയിന്‍ വഴി ഇപ്പോള്‍ എനിക്കൊരു കാമുകന്‍ ഉണ്ട്, ഇത് മാതാപിതാക്കളോട് എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല... എന്‍റെ ജീവിതം മോശമായി മാറിയിരിക്കുന്നു, ഇനി ഒരിക്കലും സാധാരണ നിലയിലാകില്ല''  ഡി റസുമിലോവ് എന്ന യുവാവ് പറയുന്നു. 'ഗേകോയിന്‍' എന്ന ക്രിപ്‌റ്റോകറന്‍സി ആപ് വഴിയാണ് താന്‍ സ്വവര്‍ഗാനുരാഗിയായതെന്നും യുവാവ് പറയുന്നു. 10ലക്ഷം രൂപയ്ക്ക് അടുത്തുവരുന്ന റഷ്യന്‍ കറന്‍സിയാണ് യുവാവ് മാനനഷ്ട പരിഹാരം ആവശ്യപ്പെടുന്നത്.

ഐഫോണിലേക്ക് വന്ന ഒരു സന്ദേശം വഴിയാണ് ഇയാള്‍ ഗേകോയിനിലേക്ക് എത്തിയത്. സ്മാര്‍ട് ഫോണ്‍ വഴി ബിറ്റ്‌കോയിന്‍ അന്വേഷിച്ച യുവാവിന് ലഭിച്ചത് ഗേകോയിന്‍ ആപ്പിലേക്കുള്ള ലിങ്കായിരുന്നു. തുടര്‍ന്ന് ഈ ലിങ്കില്‍ കയറിയ യുവാവിന് തിരിച്ചു പോകാന്‍ കഴിയാതെ വരികയായിരുന്നുവെന്നാണ് പറയുന്നത്.

കേസ് ഗൗരവമുള്ളതാണെന്ന് യുവാവിന്റെ അഭിഭാഷകന്‍ സപിസാത് ഗുസ്‌നിവ പറഞ്ഞു, തന്റെ ക്ലൈന്റ് ഭയപ്പെടുന്നു, അവന്‍ ഏറെ കഷ്ടപ്പെട്ടുവെന്നും അഭിഭാഷകന്‍ എഎഫ്പിയോട് പറഞ്ഞു. ഈ ആപ് നിങ്ങള്‍ ഉപയോഗിച്ചു നോക്കൂ,...ഉപയോഗിച്ചാലെ എല്ലാം മനസിലാക്കാന്‍ സാധിക്കൂ... എന്നായിരുന്നു ഗേകോയിന്‍ സന്ദേശം. 

ഇതിനാലാണ് ഗേകോയിന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പരിശോധിച്ചതെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ ഈ ആപ്പിന്‍റെ പിടിയില്‍ നിന്നു ഇപ്പോള്‍ പിന്‍മാറാന്‍ കഴിയുന്നില്ലെന്നാണ് യുവാവ് പറയുന്നത്. അതേസമയം, റഷ്യയിലെ ആപ്പിളിന്‍റെ പ്രതിനിധികള്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായില്ല.