തന്റെ ബാഗിന്റെ കൃത്യമായ സ്ഥാനം കാണിക്കുന്ന ഫൈന്‍ഡ് മൈ ആപ്പില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ക്കൊപ്പം ഒരു പവര്‍പോയിന്റ് പങ്കിടുകയും ചെയ്തു.

ഒരു യാത്രയില്‍ നിങ്ങളുടെ ലഗേജ് നഷ്ടപ്പെടുകയെന്നാല്‍ അത്രത്തോളം ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം വേറെ കാണില്ല. യാത്ര ചെയ്തിരുന്ന എയര്‍ലൈന്‍ നിങ്ങളുടെ ലഗേജ് കണ്ടെത്തി തരണമെന്ന അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ വിസമ്മതിച്ചാല്‍ സംഗതി കൂടുതല്‍ വഷളാകും. എന്നാല്‍ ലഗേജില്‍ ഒരു എയര്‍ടാഗ് ഘടിപ്പിച്ചാല്‍ കാര്യങ്ങള്‍ അത്ര ബുദ്ധിമുട്ടാവില്ലെന്നതാണ് സത്യം. തന്നെയുമല്ല അതുവഴി എയര്‍ലൈന്‍ ജീവനക്കാര്‍ നിങ്ങളെ സഹായിക്കാന്‍ വിസമ്മതിച്ചാലും നിങ്ങള്‍ക്ക് ലഗേജിന്റെ ലൊക്കേഷന്‍ കണ്ടെത്താനാവും. 

അങ്ങനെ നഷ്ടപ്പെട്ടത് തിരിച്ചു നേടാനാകും. നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നതിന് നിരവധി ആളുകളെ സഹായിച്ചതിനാല്‍, എയര്‍ ടാഗ് വളരെ ഉപയോഗപ്രദമായ ഒരു സംഗതിയാണെന്ന് അടുത്തിടെ തെളിയിച്ചിട്ടുണ്ട്. ഇത്തവണ വിവാഹ യാത്രയിലായിരുന്ന ഒരാളുടെ ബാഗുകള്‍ കണ്ടെത്താന്‍ എയര്‍ടാഗ് സഹായിച്ചു. ലൊക്കേഷന്‍ അറിഞ്ഞിട്ടും മുഖം തിരിച്ച എയര്‍ലൈന്‍സിനെ വരച്ചവരയില്‍ നിര്‍ത്താന്‍ എയര്‍ ടാഗില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം ഒരു പവര്‍പോയിന്റ് അവതരണം തയ്യാറാക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

സിഎന്‍എന്‍ പറയുന്നതനുസരിച്ച്, എലിയറ്റ് ഷാരോദും ഭാര്യ ഹെലനും ദക്ഷിണാഫ്രിക്കയില്‍ നിന്ന് യുകെയിലേക്ക് പറക്കുകയായിരുന്നു, അവിടെ അവര്‍ ഏപ്രില്‍ 17 ന് വിവാഹിതരായി. അബുദാബിയിലും ഫ്രാങ്ക്ഫര്‍ട്ടിലും സ്റ്റോപ്പ് ഓവറുകളുള്ള ഫ്‌ലൈറ്റുകള്‍ അവര്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധി കാരണം അവരുടെ ഫ്‌ലൈറ്റുകള്‍ റീ ഷെഡ്യൂള്‍ ചെയ്തു. അങ്ങനെ യുകെയില്‍ എത്തിയപ്പോഴാണ് തങ്ങളുടെ ലഗേജ് എത്തിയിട്ടില്ലെന്ന് മനസ്സിലായത്. രസകരമെന്നു പറയട്ടെ, അത് എളുപ്പത്തില്‍ കണ്ടെത്താന്‍ ഷാരോദ് ഓരോ ബാഗിലും ഒരു എയര്‍ ടാഗ് സ്ഥാപിച്ചിരുന്നു. ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിച്ച്, അവരുടെ ബാഗുകള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തിയിട്ടുണ്ടെന്ന് അവര്‍ കണ്ടെത്തി, പക്ഷേ അവ ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല. 

ബാഗുകള്‍ അവരുടെ വീട്ടുവിലാസത്തില്‍ എത്തിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. എന്നാല്‍, മൂന്ന് ബാഗുകളില്‍ രണ്ടെണ്ണം മാത്രമാണ് എത്തിയത്. പല രീതിയിലും ബാഗ് നഷ്ടപ്പെട്ട വിവരം ഷാരോദ് എയര്‍ലൈനില്‍ പലതവണ അറിയിച്ചുവെങ്കിലും എയര്‍ലൈനില്‍ നിന്ന് പ്രതികരണമുണ്ടായില്ല. തന്റെ ദുരനുഭവം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഉടന്‍ തന്നെ അദ്ദേഹം വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും തന്റെ ബാഗിന്റെ കൃത്യമായ സ്ഥാനം കാണിക്കുന്ന ഫൈന്‍ഡ് മൈ ആപ്പില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ക്കൊപ്പം ഒരു പവര്‍പോയിന്റ് പങ്കിടുകയും ചെയ്തു.

ഏപ്രില്‍ 21 മുതല്‍ ബാഗ് അനങ്ങിയിട്ടില്ലെന്ന് ശരോദ് സിഎന്‍എന്നിനോട് പറഞ്ഞു. എയര്‍ലൈന്‍സിന് ബാഗ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്, അദ്ദേഹം പോലീസില്‍ പരാതിപ്പെട്ടു. ബാഗില്‍ ഭാര്യയുടെ വിവാഹ വസ്ത്രം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തിയതോടെ എയര്‍ലൈന്‍ കാര്യക്ഷമമായി. അവര്‍ അത് കണ്ടെത്തി സ്‌പെയിനില്‍ എത്തിച്ചു കൊടുത്തു.

ശരിക്കും നന്ദി പറയേണ്ടത് ഈ എയര്‍ടാഗിന് തന്നെയാണ്. അയാള്‍ക്ക് തന്റെ ലഗേജ് ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞു, അതില്‍ അവരുടെ വിവാഹവസ്ത്രങ്ങളുണ്ടായിരുന്നു. അത് നഷ്ടപ്പെടുന്നതിനെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാനേ കഴിയുമായിരുന്നില്ല.