ബെയിജിംഗ്: ഷവോമിയുടെ ഉടന്‍ ഇറങ്ങുന്ന എംഐ 11 ഹാൻഡ്സെറ്റ് ബോക്സിൽ ചാർജർ കാണില്ലെന്ന് സ്ഥിരീകരണം. എംഐ 11 ന്റെ റീട്ടെയിൽ പാക്കേജിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. എംഐ 11 റീട്ടെയിൽ ബോക്സ് ഐഫോണിന്റെ പാക്കേജിങ് പോലെ നേർത്തതാണെന്ന് ചിത്രം ചോർത്തിയ ടിപ്പ്സ്റ്റർ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതോടെ എംഐ 11 ന്റെ ബോക്സിൽ ചാർജർ ഉൾപ്പെടില്ലെന്ന് അദ്ദേഹം അനുമാനിച്ചു. പക്ഷെ ഷവോമി ആരാധകര്‍ ഇത് വിശ്വസിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് പരിസ്ഥിതിയെ പരിരക്ഷിക്കുന്നതിനായി റീട്ടെയിൽ ബോക്സിൽ നിന്ന് ചാർജർ നീക്കംചെയ്തുവെന്ന് കമ്പനി വക്താവ് തന്നെ വെയ്ബോ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ്. നേരത്തെ അവതരിപ്പിച്ച സ്മാർട് ഫോണുകൾക്കൊപ്പം ചാർജറുകൾ നൽകും. എന്നാൽ എംഐ 11 വാങ്ങുന്നവർക്ക് പുതിയ ചാർജർ നൽകുന്നത് പരിസ്ഥിതിയെ ബാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ചാർജറിനെ ഒഴിവാക്കാനുള്ള തീരുമാനം ഉപഭോക്താക്കൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായേക്കും. ഐഫോൺ ബോക്സിൽ നിന്ന് ചാർജർ നീക്കിയതിനെതിരെ ചില രാജ്യങ്ങളിൽ കോടതി വരെ ഇടപ്പെട്ടിരുന്നു. ഇതിനാൽ വിപണിയിൽ ഷഓമിയെ കാത്തിരിക്കുന്നത് വൻ പ്രതിഷേധമായിരിക്കുമെന്ന് ഉറപ്പാണ്.

ഐഫോൺ 12 സീരീസ് റീട്ടെയിൽ പാക്കേജിൽ നിന്ന് ചാർജർ നീക്കം ചെയ്തപ്പോൾ സാംസങ്, ഷഓമി തുടങ്ങിയ ബ്രാൻഡുകളെല്ലാം ആപ്പിളിനെ പരിഹസിച്ചിരുന്നു.  എംഐ 11 ന്റെ പാക്കേജിൽ നിന്ന് ചാർജർ നീക്കംചെയ്തതെന്നതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ തിങ്കളാഴ്ച ഒരു വാർത്താസമ്മേളനം നടത്തുമെന്ന് ഷഓമി അറിയിച്ചു.