Asianet News MalayalamAsianet News Malayalam

ആപ്പിളിനെ തറപറ്റിച്ച് മൈക്രോസോഫ്റ്റ് മുന്നില്‍; ആപ്പിളിന് അടി തെറ്റിയത് ഇങ്ങനെ.!

അതേ സമയം വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ അടക്കം പ്രതീക്ഷിച്ച ലാഭം നേടാന്‍ ആപ്പിളിന് കഴിഞ്ഞ പാദങ്ങളില്‍ സാധിക്കാത്തതാണ് ശരിക്കും ആപ്പിളിനെ മൂല്യക്കണക്കില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടതെന്ന് വ്യക്തം. 

Microsoft become the worlds most valuable company overtakes Apple
Author
Microsoft Corporation, First Published Nov 1, 2021, 5:22 PM IST

പ്പിളിനെ (Apple) പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി (world’s most valuable company) എന്ന സ്ഥാനം കരസ്ഥമാക്കി മൈക്രോസോഫ്റ്റ് (Microsoft). ഇന്ത്യന്‍ വംശജനായ സത്യ നദെല്ല (satya nadella) നയിക്കുന്ന മൈക്രോസോഫ്റ്റിന്‍റെ ഇപ്പോഴത്തെ വിപണി മൂല്യം 2.29 ട്രില്ലന്‍ അമേരിക്കന്‍ ഡോളറാണ്. അതേ സമയം രണ്ടാം സ്ഥാനത്തുള്ള ആപ്പിളിന്‍റെ വിപണി മൂല്യം 2.46 ട്രില്ലന്‍ അമേരിക്കന്‍ ഡോളറാണ്. സിഎന്‍ബിസിയാണ് കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ ഉദ്ധരിച്ച് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ അടക്കം പ്രതീക്ഷിച്ച ലാഭം നേടാന്‍ ആപ്പിളിന് കഴിഞ്ഞ പാദങ്ങളില്‍ സാധിക്കാത്തതാണ് ശരിക്കും ആപ്പിളിനെ മൂല്യക്കണക്കില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടതെന്ന് വ്യക്തം. എകദേശം പ്രതീക്ഷിച്ചതില്‍ നിന്നും 600 കോടി ഡോളര്‍ എങ്കിലും കുറവാണ് കഴിഞ്ഞ പാദത്തിലെ ആപ്പിളിന്‍റെ വിറ്റുവരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇതേ കാലയളവില്‍ പ്രതീക്ഷിച്ച വരുമാത്തേക്കാള്‍ 22 ശതമാനം കൂടുതല്‍ വരുമാനം മൈക്രോസോഫ്റ്റ് ഈ വര്‍ഷത്തെ കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ നേടി.

പൊതുവില്‍ ടെക് ലോകത്തെ ഗ്ലാമര്‍ കമ്പനിയായ മൈക്രോസോഫ്റ്റിനെ ആരും കൂട്ടാറില്ലെന്ന് പറയാറുണ്ട്. അത് ഉണ്ടാക്കുന്ന വരുമാനത്തിന്‍റെ കാര്യത്തിലോ, അവരുടെ പ്രവര്‍ത്തനത്തിന്‍റെ കാര്യത്തിലോ അല്ല. അവരുടെ വിസിബിലിറ്റിയാണ്. ആപ്പിള്‍ ഐഫോണ്‍ പോലെ ജനകീയമായ ഫോണ്‍, ഗാഡ്ജറ്റ് മോഡലുകള്‍ മൈക്രോസോഫ്റ്റ് ഇറക്കുന്നില്ല. സോഫ്റ്റ്വെയര്‍ ബിസിനസിനപ്പുറം പുതിയ മേഖലകളിലെ നിക്ഷേപമാണ് ഇപ്പോഴത്തെ മേധാവി സത്യ നദെല്ലയുടെ രീതി. മൈക്രോസോഫ്റ്റ് ക്ലൌഡിനെ ഇന്നത്തെ രീതിയിലാക്കിയ സത്യ, മൈക്രോസോഫ്റ്റിന്‍റെ ഭാവിയായി കണ്ടതും ഈ മേഖലയെയാണ്.

പിസി സോഫ്റ്റ്വെയറുകളുടെ രംഗത്തെ തിരിച്ചടികള്‍, നോക്കിയയുടെ സ്മാര്‍ട്ട്ഫോണ്‍ ബിസിനസ് എടുത്ത് കൈപൊള്ളിയതും, മൈക്രോസോഫ്റ്റ് മൊബൈല്‍ ഒഎസ് പരാജയം ഇങ്ങനെ പല പ്രശ്നങ്ങള്‍ക്കിടയിലാണ് സത്യ മൈക്രോസോഫ്റ്റ് മേധാവിയാകുന്നത്. എന്നാല്‍  ഇന്ന് മൈക്രോസോഫ്റ്റിനെ മൈക്രോസോഫ്റ്റ് ആക്കിയ പ്രോഡക്ടായ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് അപ്പുറത്തേക്ക് കമ്പനി മാറി. ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളില്‍ 78 ശതമാനവും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് ക്ലൗഡാണ് എന്നാണ് കണക്കുകള്‍. നദെല്ല അങ്ങനെ പൊതുമധ്യത്തില്‍ 'ഒരു ഷോ ടെക് മാന്‍' അല്ലെങ്കിലും മികച്ച പ്രവര്‍ത്തനത്തിലൂടെ ടെക് ലോകത്തെ വലിയ കന്പനിയെ കൈപിടിച്ചുയര്‍ത്തുകയാണ് ഇദ്ദേഹം.

അതേ സമയം ആപ്പിള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിപണിയിലെ തിരിച്ചടിക്ക് ആപ്പിള്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രധാന കാരണം,  ഉപകരണങ്ങള്‍ നിർമിക്കാന്‍ വേണ്ട ചിപ്പുകളുടെയും മറ്റു ഘടകഭാഗങ്ങളുടെയും വലിയ പ്രതിസന്ധിയാണ് എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ലോക മാര്‍‍ക്കറ്റ് വീണ്ടും ഉണരുന്നതോടെ കാര്യങ്ങള്‍ മാറിമറിയും എന്നും ആപ്പിള്‍ ഉയര്‍പ്പ് നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം വിപണി മൂല്യത്തിന്‍റെ കാര്യത്തില്‍ മൈക്രോസോഫ്റ്റ് ആയാലും ആപ്പിള്‍ ആയാലും സുരക്ഷിതമായ സ്ഥാനത്ത് അല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ആപ്പിളിനും മൈക്രോസോഫ്റ്റിനും വെല്ലുവിളിയായി തീരുന്ന കമ്പനികളുടെ പട്ടികയയില്‍ ടെസ്‌ലയുമുണ്ട്. അതിന് പിന്നാലെ എന്‍വിഡിയ, ചൈനയിലെ ടെന്‍സന്റ് ഹോള്‍ഡിങ്‌സും ഉണ്ട്. ഭാവിയില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി തീരാന്‍ സാധ്യതയുള്ളവയാണ് ടെന്‍സന്റ് ഹോള്‍ഡിങ്‌സ്. ചൈനയിലെ പുതിയ സാമ്പത്തിക നിയന്ത്രണങ്ങളും പ്രശ്നങ്ങളും തുടര്‍ന്നില്ലെങ്കില്‍ ടെന്‍സന്റിന് വരും വര്‍ഷങ്ങളില്‍ അമേരിക്കന്‍ ടെക് ഓട്ടോ ഭീമന്മാരെ കടത്തിവെട്ടിയാലും അത്ഭുതമില്ല. ഈ കമ്പനികള്‍ക്കു പിന്നിലായി പേപാല്‍, എഎസ്എംഎല്‍ ഹോള്‍ഡിങ് എന്‍വി, ചിപ്പ് നിര്‍മാതാവ് ടിഎസ്എംസി ലിമിറ്റഡ് തുടങ്ങി കമ്പനികളും ഭാവിയില്‍ മൂല്യത്തിന്‍റെ കാര്യത്തില്‍ പടക്കുതിരകളാകും എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios