ന്യൂയോര്‍ക്ക്: ചൈനീസ് ഹാക്കര്‍മാര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും പുതിയ അപ്ഡേറ്റുമായി മൈക്രോസോഫ്റ്റ് രംഗത്ത്. മൈക്രോസോഫ്റ്റിന്‍റെ  മൈക്രോസോഫ്റ്റ് എക്സേഞ്ച് സെര്‍വറിലെ സുരക്ഷ പിഴവ് മുതലെടുത്ത് ഒരു ഉപയോക്താവിന്‍റെ ഇ-മെയില്‍ അക്കൗണ്ട് അടക്കം ദീര്‍ഘകാലത്തേക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന സൈബര്‍ ആക്രമണമാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ട്. 

സീറോ ഡേസ് എന്നാണ് അറിയപ്പെടാത്ത സുരക്ഷ വീഴ്ചകള്‍ അറിയിപ്പെടുന്നത്. ഒരു പ്രതിരോധവും ഇല്ലാതെ എവിടെയും കയറാന്‍ സഹായിക്കുന്ന ഇത്തരം പിഴവുകള്‍ ഹാക്കര്‍മാര്‍ക്ക് വളരെ വിലയേറിയ കാര്യമാണ്. നിലവില്‍ രണ്ട് സീറോഡേ കണ്ടെത്തിയെന്നാണ് മൈക്രോസോഫ്റ്റ് അറിയിക്കുന്നത്. ലിമിറ്റഡും, ടാര്‍ഗറ്റഡുമായ ആക്രമണം ഇതിലൂടെ സംഭവിച്ചതായി മൈക്രോസോഫ്റ്റ് സമ്മതിക്കുന്നുണ്ട് പുതിയ ബ്ലോഗ് പോസ്റ്റില്‍.

ഈ സുരക്ഷ പിഴവ് അടയ്ക്കേണ്ട അപ്ഡേഷന്‍ ഉപയോക്താക്കളും, സുരക്ഷ കമ്യൂണിറ്റിയും നടത്തേണ്ടത് അത്യവശ്യമാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു. അതേ സമയം ഈ സുരക്ഷ പിഴവിലൂടെ സൈബര്‍ ആക്രമണം നടത്തിയത് ചൈനീസ് സര്‍ക്കാര്‍ പിന്തുണയുള്ള ഗ്രൂപ്പുകളാണെന്ന് മൈക്രോസോഫ്റ്റ് ആരോപിക്കുന്നു. യുഎസിലാണ് ഈ ആക്രമണം പ്രധാനമായും നടന്നത്. വ്യാവസായിക മേഖല, പ്രതിരോധ കരാര്‍‍ മേഖല, നയരൂപീകരണ ഇടങ്ങള്‍, എന്‍ജിഒ എന്നിവയെ ഇത് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.