ന്യൂയോര്‍ക്ക്: നേരിട്ട് നടത്തുന്ന റീട്ടെയില്‍ വില്‍പ്പനശാലകള്‍ പൂര്‍ണ്ണമായും പൂട്ടാന്‍ തീരുമാനിച്ച് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ തങ്ങളുടെ പ്രോഡക്ടുകള്‍ വില്‍ക്കാന്‍ നടത്തുന്ന ലോകത്താകമാനമുള്ള 83 ഷോപ്പുകളാണ് പൂട്ടുന്നത്. ഇതില്‍ 72 എണ്ണവും അമേരിക്കയിലാണ്.

എന്നാല്‍ ഈ വില്‍പ്പനശാലകളിലെ ജീവനക്കാര്‍ ഇനി മൈക്രോസോഫ്റ്റിന്‍റെ ഓണ്‍ലൈന്‍ കണ്‍സ്യൂമര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കും. ലോകത്തകമാനം 190 വിപണികളിലായി 1.2 ശതകോടിപ്പേര്‍ മൈക്രോസോഫ്റ്റിന്‍റെ പ്രോഡക്ടുകള്‍ സോഫ്റ്റ്വെയറും ഹാര്‍ഡ് വെയറായും ഉപയോഗിക്കുന്നു എന്നാണ് കണക്ക്.

ഇപ്പോള്‍ മൈക്രോസോഫ്റ്റ് ഷോപ്പുകള്‍ പൂട്ടുന്നതോടെ ജോലിയില്ലാതാകുന്നവര്‍ മൈക്രോസോഫ്റ്റ്.കോം വഴി വില്‍ക്കുന്ന മൈക്രോസോഫ്റ്റ്, എക്സ് ബോക്സ് പ്രോഡക്ടുകളുടെ സര്‍വീസിനായി നിയമിക്കും. എന്നാല്‍ മൈക്രോസോഫ്റ്റിന്‍റെ പുതിയ തീരുമാനം കമ്പനിക്ക് മുന്‍കൂര്‍ നല്‍കിയ നികുതി ഇനത്തില്‍ നഷ്ടം വരുത്തുമെന്നാണ് കണക്ക്. 450 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ നഷ്ടമാണ് ഇത് കമ്പനിക്ക് ഉണ്ടാക്കുന്നത്. 

അതേ സമയം ഫിസിക്കല്‍ സ്റ്റോറുകളെക്കാള്‍ മികച്ച രീതിയില്‍ ഓണ്‍ലൈന്‍ വില്‍പ്പന പുരോഗമിക്കുന്നു എന്നതിനാലാണ് ഈ തീരുമാനം എന്നാണ് മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്‍റ് ഡേവിഡ് പോര്‍ട്ടര്‍ പറയുന്നത്. മൈക്രോസോഫ്റ്റ് ഫിസിക്കല്‍ സ്റ്റോറില്‍ ലഭിച്ച എല്ലാ സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി ലഭിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.