ന്യൂയോര്‍ക്ക്: ടിക് ടോക്കിനെ സോഫ്റ്റ്വെയര്‍ ഭീമന്മാരായ മൈക്രോസോഫ്റ്റ് വാങ്ങുവാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ സജീവമാണ്. അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു എന്നത് മൈക്രോസോഫ്റ്റ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ഭരണകൂടം ചൈനീസ് ആപ്പായ ടിക് ടോക്കിന്‍റെ നിരോധനം ഗൌരവമായി ആലോചിക്കുമ്പോള്‍ തന്നെയാണ് മൈക്രോസോഫ്റ്റ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ടിക്ടോക്കിനെ വാങ്ങുവാന്‍ എത്ര തുകയാകും മൈക്രോസോഫ്റ്റ് മുടക്കേണ്ടി വരുക എന്നതാണ് ചോദ്യം.

ഇപ്പോഴത്തെ അവസ്ഥയില്‍ ടിക്‌ടോകിന് വിലയായി ഇതിന്‍റെ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സ് ചോദിക്കുന്നത് 5000 കോടി ഡോളറാണ്. മൂന്നു വര്‍ഷം മുമ്പ് 100 കോടി ഡോളറിന് വേണമെങ്കില്‍ വാങ്ങാമായിരുന്ന ആപ്പായിരുന്നു ഇതെന്നാണ് വള്‍സ്ട്രീറ്റ് ജേര്‍ണലിലെ ഒരു ലേഖനം അഭിപ്രായപ്പെടുന്നത്. അതേ സമയം അമേരിക്കന്‍ സോഷ്യല്‍ മീഡിയയില്‍ ടിക്ടോക്കിനെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വലിയ ക്യാംപെയിന്‍ നടക്കുന്നുണ്ട്. #SaveTikTok എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ടിക് ടോകിനെ നിര്‍ബന്ധമായും വാങ്ങണം എന്നാണ് വലിയൊരു വിഭാഗത്തിന്‍റെ ആവശ്യം.

മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ഈ ഇടപാട് നടന്നാല്‍ മൈക്രോസോഫ്റ്റിന് ടെക് ലോകത്തുള്ള മുഖം തന്നെ പരിഷ്കരിക്കപ്പെടും എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ടെക് ലോകത്തെ ഒരു കാരണവര്‍ ലുക്ക് കമ്പനിയാണ് മൈക്രോസോഫ്റ്റ് എന്നാണ് യുവതലമുറയ്ക്ക് അഭിപ്രായം. എന്നാല്‍ ഏറെ യുവാക്കള്‍ ഉള്‍പ്പെടുന്ന ഒരു ആപ്പ് സ്വന്തമാക്കുന്നതോടെ യുവാക്കള്‍ക്കിടയില്‍ മൈക്രോസോഫ്റ്റിന് ഒരു പുതിയ ഇമേജ് ലഭിക്കും എന്നാണ് ചില ടെക് ലേഖനങ്ങളുടെ വിലയിരുത്തല്‍.

എന്നാല്‍ ഇത്തരം ജനപ്രിയ കമ്പനികളുടെ ഏറ്റെടുക്കലുകളില്‍ അത്ര നല്ല ചരിത്രം മൈക്രോസോഫ്റ്റിന് ഇല്ലെന്ന് ചരിത്രം ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നവരും കുറവല്ല.  ഒരു കാലത്ത് ജനപ്രിയരായ നോക്കിയ ഫോണില്‍ വിന്‍ഡോസ് ഒഎസ് പരീക്ഷിക്കുകയും, പിന്നീട് അവരുടെ സ്മാര്‍ട്ട്ഫോണ്‍ ബിസിനസ് ഏറ്റെടുത്ത ചരിത്രവും മൈക്രോസോഫ്റ്റിനുണ്ട്. ഒടുവില്‍ ആ ഇടപാടില്‍ കൈപൊള്ളിയാണ് നോക്കിയയെ മൈക്രോസോഫ്റ്റ് ഒഴിവാക്കിയത്. എംഎസ് മൊബൈല്‍ ഒഎസിന്‍റെ കാലവും ഇതോടെ അവസാനിക്കുന്ന അവസ്ഥയായി. ഇതേ അവസ്ഥ ടിക് ടോക്കിന് വരുമോ എന്നും ചിന്തിക്കുന്നവരുണ്ട്. മൈക്രോസോഫ്റ്റ് ഏറ്റെടുത്ത പ്രഫഷണല്‍ സോഷ്യല്‍ പ്ലാറ്റ്ഫോം ലിങ്ക്ഡ് ഇന്‍ ഇപ്പോള്‍ നല്ല അവസ്ഥയില്‍ അല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നവരും കുറവല്ല.

5000 കോടി ഡോളറും മറ്റും നല്‍കി, സത്യാ നദെലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് അത് മുതലാക്കുമോ എന്ന കാര്യത്തില്‍ സംശയമുയര്‍ത്തുന്നവരും കുറവല്ല.