വാഷിംഗ്‌ടണ്‍: ടിക്ടോക്കിന്‍റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമം ആരംഭിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ടെക് ലോകത്ത് ചൂടുള്ള വാര്‍ത്തയായിരുന്നു. ചൈനീസ് വീഡിയോ ആപ്പ് ടിക് ടോക്കിന്‍റെ അമേരിക്കയിലെ സേവനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് വ്യക്തമാക്കി കഴിഞ്ഞു. ടിക് ടോക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്വന്തമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളെ ദേശീയ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് എതിര്‍ത്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് മൈക്രോസോഫ്റ്റ് അധികൃതരുടെ പ്രതികരണം. 

 വിഷയത്തില്‍ ട്രംപുമായി കൂടിക്കാഴ്‌ച നടത്തി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ആശങ്കകളെ മുഖവിലയ്‌ക്കെടുക്കുകയും ചെയ്‌തു മൈക്രോസോഫ്റ്റ്. 'പ്രസിഡന്റിന്റെ ആശങ്കകളെ മൈക്രോസോഫ്റ്റ് പൂർണ്ണമായി വിലമതിക്കുന്നു. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അമേരിക്കയ്‌ക്കും ദേശീയ ട്രഷറിക്കും സാമ്പത്തിക നേട്ടമുണ്ടാകുന്ന രീതിയിലായിരിക്കും ടിക് ടോക്കിനെ ഏറ്റെടുക്കുക' എന്നും മൈക്രോസോഫ്റ്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ചൈനീസ് ഭീമന്‍മാരുമായി സെപ്റ്റംബര്‍ 15ന് മുന്‍പ് കരാറിലെത്താനാണ് മൈക്രോസോഫ്റ്റിന്‍റെ ശ്രമം എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്. അമേരിക്കയ്‌ക്ക് പുറമെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെയും ടിക് ടോസ് സേവനങ്ങള്‍ സ്വന്തമാക്കാനും മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നു. 

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ചോദ്യം, ടിക് ടോക് മൈക്രോസോഫ്റ്റ് ഏറ്റെടുത്താല്‍ ഇന്ത്യയിലെ വിലക്ക് നീങ്ങുമോ എന്നതാണ്. കാരണം ചൈനീസ് ആപ്പ് എന്ന പേരിലാണ് ടിക് ടോക്കിന് നിരോധനം ലഭിച്ചത് എന്നാണ് ഭൂരിഭാഗം ടിക് ടോക് ഇന്ത്യ ഉപയോക്താക്കളും കരുതിയത്. എന്നാല്‍ ടിക് ടോക് മൈക്രോസോഫ്റ്റ് ഏറ്റെടുത്താല്‍ അത് അമേരിക്കന്‍ കമ്പനിയാകും അതുവഴി ഇന്ത്യയിലേക്കുള്ള വഴി തെളിയും എന്ന ധാരണ ശരിയല്ലെന്ന് തന്നെ പറയാം. കാരണം 70 ദശലക്ഷം ദൈനംദിന സ്ഥിരം ഉപയോക്താക്കള്‍ ഉള്ള അമേരിക്കന്‍ ടിക്ടോക് സേവനങ്ങളാണ് മൈക്രോസോഫ്റ്റ് വാങ്ങാന്‍ ഒരുങ്ങുന്നത് ഇന്ത്യയിലെ അടക്കം സേവനങ്ങള്‍ ചര്‍ച്ചയില്‍ ഇല്ല. അതിനാല്‍ ഇന്ത്യയില്‍ സമീപ ഭാവിയില്‍ ടിക് ടോക്കിന് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് തന്നെ പറയാം.

അതേ സമയം സത്യ നദെല്ലയ്‌ക്ക് കീഴില്‍ ടിക് ടോക്കിനെ ഉന്നംവച്ചുള്ള വന്‍ നീക്കം ടെക് ലോകത്ത് മൈക്രോസോഫ്റ്റിന്‍റെ കരുത്ത് കൂട്ടും എന്നാണ് വിലയിരുത്തല്‍. 2014ല്‍ സത്യ നദെല്ല ചുമതലയേറ്റ അതേ വര്‍ഷം മിനി ക്രാഫ്‌റ്റിനെയും 2017ല്‍ ലിങ്ക്ഡ്ഇന്നിനെയും കമ്പനി സ്വന്തമാക്കിയിരുന്നു. ടിക് ടോക്കിനെ സ്വന്തമാക്കാനായാല്‍ സാമൂഹിക മാധ്യമങ്ങളില്‍ മൈക്രോസോഫ്റ്റിന്‍റെ കരുത്ത് കൂടും. ലോകത്ത് 80 കോടിയിലധികം പേര്‍ ടിക് ടോക് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. യുഎസില്‍ മാത്രം 10 കോടിയാളുകള്‍ ടിക് ടോക് ഉപയോഗിക്കുന്നു. 

സാമൂഹിക മാധ്യമങ്ങളില്‍ ചുവടുറപ്പിക്കാനുള്ള മൈക്രോസോഫ്റ്റിന്‍റെ ശ്രമം ട്വിറ്റര്‍, പിന്ററെസ്റ്റ്, റെഡിറ്റ് പോലുള്ള ഭീമന്‍മാര്‍ക്ക് കനത്ത ഭീഷണിയുമായേക്കും.